ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 77 ആയി

മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിലുമാണ് മരണങ്ങളെല്ലാം റിപോർട്ട് ചെയ്തിരിക്കുന്നത്.

Update: 2019-06-16 01:37 GMT

മുസഫർപൂർ: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 77 ആയി. ബിഹാറിലെ മുസഫർപൂർ ജില്ലയിൽ മാത്രമാണ് ഇത്രയധികം മരണങ്ങൾ റിപോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുസഫർപൂർ സന്ദർശിക്കും.

മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിലുമാണ് മരണങ്ങളെല്ലാം റിപോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ മുസഫർപൂരിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുട്ടികൾ കടുത്ത പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് 48 കുട്ടികളായിരുന്നു ഇവിടെ മരണപ്പെട്ടത്.

നിലവിൽ മസ്തിഷ്കജ്വരം ബാധിച്ച് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒമ്പത് കുട്ടികളുടെ നില ഗുരുതരമാണ്. കെജ്‍രിവാൾ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയിൽ തുടരുന്നു. അതേ സമയം, ലിച്ചിപ്പഴത്തില്‍ നിന്നുമുള്ള വിഷാംശമാകാം കുട്ടികളില്‍ മാരകമായ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ക്ക് വെറും വയറ്റില്‍ ലിച്ചി നല്‍കരുതെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ രക്ഷിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്‍ധ സംഘം രണ്ട് ആശുപത്രികളും സന്ദർശിച്ചിരുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡ് വേണമെന്നും കുട്ടികളുടെ സാംപിളുകൾ പരിശോധിക്കാൻ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്‍ധ സംഘം നിർദേശിച്ചു.

Tags:    

Similar News