ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു; പോലിസ് തെളിവ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി
2018 ഒക്ടോബർ 27 നാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമം അക്രമികൾ അഗ്നിക്കിരയാക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൂന്നര വർഷമായി കേസിൽ അന്വേഷണം നടക്കുകയാണ്.
എന്നാൽ പെട്രോൾ ഒഴിച്ചാണ് തീ കത്തിച്ചത് എന്നല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് ചില കാര്യങ്ങൾ കൂടി പരിശോധിച്ചതിന് ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ അന്വേഷണത്തിന് വഴിതെറ്റിയെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.
അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തോട് സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. പോലിസ് തെളിവ് നശിപ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉദ്യോഗസ്ഥർ തനിക്കെതിരെ കേസ് തിരിക്കാനാണ് ശ്രമിച്ചത്. ആശ്രമം താനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബർ 27 നാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമം അക്രമികൾ അഗ്നിക്കിരയാക്കിയത്. രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തി നശിച്ചു. 108 ഭഗവദ്ഗീതാ ശ്ലോകങ്ങൾ ചെമ്പിൽ കൊത്തിയ ഗീതാക്ഷേത്രവും സംഗീതോപകരണങ്ങളും ആശ്രമത്തിന്റെ രണ്ടാംനിലയുടെ മേൽക്കൂരയും സംഭവത്തിൽ കത്തി നശിച്ചിരുന്നു. ഒരു കോടി രൂപയുടെ നാശനഷ്ടമാണ് ആക്രമണത്തിൽ സംഭവിച്ചത്.
