'പിണറായി ഡാ' എന്ന് പോസ്റ്റിടുന്നവരോട്, കൃഷ്ണരാജിനെതിരേ പരാതി കൊടുത്തത് ഒരാഴ്ച മുമ്പെന്ന് പരാതിക്കാരന്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ഫേസ്ബുക്കിലൂടെ മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തിയ കൃഷ്ണരാജിനെതിരേ മെയ് 30ന് പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

Update: 2022-06-11 18:49 GMT

കോഴിക്കോട്: സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരേ പോലിസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരാതി നല്‍കിയ അഭിഭാഷകനായ വി ആര്‍ അനൂപ്. ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് സര്‍ക്കാരിന് കേസെടുക്കാന്‍ തോന്നിയതെന്നും, പിണറായി ഡാ എന്ന് പോസ്റ്റിടുന്നവര്‍ ഇക്കാര്യം അറിയണമെന്നും പറഞ്ഞാണ് അനൂപിന്റെ പോസ്റ്റ്.

കുറിപ്പ് ഇങ്ങനെ..

പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ്. സ്വപ്നയൊക്കെ സീനില്‍ വരുന്നതിന് മുന്‍പ്, കൃഷ്ണരാജിന് എതിരെ ഞാന്‍ കൊടുത്ത കേസ് ആണ്. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഹഞ ല്‍ കാണും. ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെന്‍സിറ്റീവ് ആയ വിഷയത്തില്‍ ഇപ്പോഴാണ് സര്‍ക്കാരിന് കേസ് എടുക്കാന്‍ തോന്നിയത്.

ഇപ്പോള്‍ സ്വപ്ന സീനില്‍ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച്, ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനില്‍ക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ, സര്‍ക്കാരിന്റേയും.

കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. വി ആര്‍ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കൃഷ്ണരാജിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ഫേസ്ബുക്കിലൂടെ മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തിയ കൃഷ്ണരാജിനെതിരേ മെയ് 30ന് പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.