സംഘപരിവാര്‍ കൊലപാതകങ്ങള്‍ക്കെതിരേ സമുദായം നിര്‍ഭയമായ നിലപാടെടുക്കണം: ഉലമ സംയുക്ത സമിതി

സമുദായവും രാജ്യവും നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കു മുമ്പില്‍ ചകിതരാവാതെ ഒറ്റക്കെട്ടായി സധൈര്യം മുന്നോട്ടു പോവാന്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിയണമെന്നും ഉലമ സംയുക്ത സമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Update: 2020-09-12 11:09 GMT

തിരുവനന്തപുരം: സയ്യിദ് സലാഹുദ്ദീന്‍ എന്ന മുസ്‌ലിം യുവാവ് ആര്‍എസ്എസുകാരാല്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ ഉലമ സംയുക്ത സമിതി ശക്തമായി അപലപിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റു ചെയ്തു മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കണമെന്നും സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി പോലിസില്‍ വളര്‍ന്നു വരുന്ന വര്‍ഗീയ ദു:സ്വാധീനം കേസന്വേഷണത്തെയും മേല്‍ നടപടികളെയും ബാധിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പാലിക്കണം. ഇസ്‌ലാമിക ജീവിതക്രമം പാലിച്ചു പോന്ന നീതിയുടെ പക്ഷംപിടിച്ചതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന സയ്യിദ് സലാഹുദ്ദീന് സമുദായം അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ടതുണ്ട്. രാജ്യത്തെ തകര്‍ത്തുക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ ജനാധിപത്യപരമായി ചെറുത്തു തോല്‍പിക്കാന്‍ ശ്രമിക്കുന്ന ഒരു മതേതര പാര്‍ട്ടിയുടെ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒറ്റപ്പെടുത്തണം.

ഫാഷിസത്തിനെതിരായ സമരമുഖത്തെ വിശാലാര്‍ഥത്തില്‍ കാണേണ്ട ഘട്ടമാണിത്. രാജ്യമൊട്ടുക്കും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു കൊന്നു തള്ളുന്ന ആര്‍ എസ് എസിന്റെ നിഷ്ഠുര ചെയ്തികള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സമുദായ സംഘടനകളും മതേതര പാര്‍ട്ടികളും മുന്നോട്ടു വരേണ്ടതുണ്ട്.

രാജ്യത്ത് ആര്‍എസ്എസ് നടത്തുന്ന ഭീകര താണ്ഡവത്തിനു മുമ്പില്‍ പകച്ചുപോവാതെ ആര്‍ജ്ജവത്തോടെ നീതിയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന യുവാക്കള്‍ രാജ്യത്തിനും സമുദായത്തിനും അഭിമാനവും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. സംഘടനാ - കക്ഷി - രാഷ്ട്രീയ ഭേദമന്യേ അവരെ പിന്തുണയ്‌ക്കേണ്ട ബാധ്യത എല്ലാ സംഘടനകള്‍ക്കും മതപണ്ഡിതന്മാര്‍ക്കുമുണ്ട്.

ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരേ ചെറുത്തു നില്‍പുണ്ടാവുമ്പോള്‍ മാത്രം തീവ്രവാദത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്ന കൊലകളിലെ ഭീകരതയ്‌ക്കെതിരേ രംഗത്തു വരാതിരിക്കുന്നത് ഭയം അവരെ ഭരിക്കുന്നതുകൊണ്ടാണ്.

അടുത്ത കാലത്ത് രാഷ്ട്രീയ കൊലയ്ക്ക് ഇരകളായ ഹഖ് മുഹമ്മദിനെയും മിദ്‌ലാജിനെയും കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്തി മുഖം നോക്കാതെ ശിക്ഷ ഉറപ്പുവരുത്താനും സര്‍ക്കാര്‍ സന്നദ്ധമാവണം. കൊലപാതക രാഷ്ട്രീയം ഒന്നിനും പരിഹാരമല്ല. അത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സമുദായവും രാജ്യവും നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കു മുമ്പില്‍ ചകിതരാവാതെ ഒറ്റക്കെട്ടായി സധൈര്യം മുന്നോട്ടു പോവാന്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിയണമെന്നും ഉലമ സംയുക്ത സമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പ്രസ്താവനയില്‍ സമിതി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. എച്ച് അലിയാര്‍ മൗലവി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി, ഖതീബ്‌സ് ആന്റ് ഖാസിഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം ബാഖവി, തിരുവനന്തപുരം നാഇബ് ഖാദി ആബിദ് മൗലവി അല്‍ ഹാദി, മുസ്ലിം മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി, മന്നാനീസ് അസോസിയേഷന്‍ ജന: സെക്രട്ടറി ഷഹീറുദ്ദീന്‍ മന്നാനി, അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കട്ടപ്പന അബ്ദുന്നാസര്‍ മൗലവി, അല്‍ ഹാദി അസോസിയേഷന്‍ ജന. സെക്രട്ടറി സൈനുദ്ദീന്‍ ബാഖവി, ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം ഖതീബ് താഴത്തങ്ങാടി ജുമാ മസ്ജിദ്, ഖാലിദ് മൂസ നദ്വി ഖതീബ് വളയന്നൂര്‍ ജുമാ മസ്ജിദ് കുറ്റ്യാടി, കൈഫ് സംസ്ഥാന ജന. സെക്രട്ടറി ഷാഹുല്‍ ഹമീദ് ഖാസിമി, ഉലമ സംയുക്ത സമിതി വൈസ് ചെയര്‍മാന്മാരായ കരമന അശ്റഫ് മൗലവി, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, നവാസ് മന്നാനി പനവൂര്‍, നാസിമുദ്ദീന്‍ മന്നാനി, വി. എം ഫത്ഹുദ്ദീന്‍ റഷാദി, ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് മുഹമ്മദ് നദ് വി, കണ്‍വീനര്‍മാരായ മുഹമ്മദ് അഫ്‌സല്‍ ഖാസിമി, ഫിറോസ് ഖാന്‍ ബാഖവി പൂവച്ചല്‍, നിസാറുദ്ദീന്‍ മൗലവി അഴിക്കോട്, അബ്ബാസ് മൗലവി, മുഹമ്മദ് ലുത്ഫുല്ലാ മൗലവി മുവാറ്റുപുഴ, നുജ്മുദ്ദീന്‍ മൗലവി ചടയമംഗലം, അബ്ദുല്‍ ഹാദി മൗലവി, അബ്ദുസ്സലാം മൗലവി ഒപ്പുവച്ചു.