നിപ ബാധിച്ച് മരിച്ച കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു; കേന്ദ്രസംഘം പഴത്തിന്റെ സാംപിളുകൾ ശേഖരിച്ചു

നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാംപിളുകൾ കേന്ദ്രസംഘം ശേഖരിച്ചു.

Update: 2021-09-05 12:52 GMT

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.

നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാംപിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും.

കേന്ദ്ര സംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.

എല്ലാവരോടും കർശനമായ ജാഗ്രത പുലർത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ചും തുടർന്ന് എടുക്കേണ്ട നടപടികൾ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികൾക്ക് നിർദേശങ്ങൾ നൽകി.

മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.