ആലപ്പുഴ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ പാര്‍ട്ടി വിമര്‍ശനം അംഗീകരിച്ച് മുഖ്യമന്ത്രി
സിപിഐയെ ശത്രുതയോടെ കാണരുതെന്നും സിപിഎം അംഗങ്ങളോട് മുഖ്യമന്ത്രി നിർദേശിച്ചു.
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരായ ആലപ്പുഴ സമ്മേളനത്തിലെ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലിസില്‍ കുഴപ്പക്കാരുണ്ട്. പോലിസിലെ കുഴപ്പക്കാരെ നിരീക്ഷിക്കും. നടപടി സ്വീകരിക്കും. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിലെ മറുപടിയിലാണ് പിണറായിയുടെ തുറന്നു പറച്ചിൽ.
സിപിഐയെ ശത്രുതയോടെ കാണരുതെന്നും സിപിഎം അംഗങ്ങളോട് മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകണ്ട എന്നും തോമസ് കെ തോമാസിമിനെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയതയിൽ ഊന്നിയായിരുന്നു പ്രവർത്തന റിപോർട്ട്. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം നടന്നതായി സമ്മേളന റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമ്പലപ്പുഴയിൽ ജി സുധാകരൻ മാറി എച്ച് സലാമിനെ സ്ഥാനാർഥിയാക്കിയയുടൻ പലയിടത്തും സലാമിനെതിരേ പോസ്റ്റർ പതിഞ്ഞു. ആലപ്പുഴയിൽ പി പി ചിത്തരഞ്ജനെതിരേയും പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടന്നെന്നും റിപോർട്ടിൽ പറഞ്ഞിരുന്നു.
മാന്നാർ, കായംകുളം, ഹരിപ്പാട്, കുട്ടനാട്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, മാരാരിക്കുളം, അമ്പലപ്പുഴ എന്നീ ഏരിയ കമ്മിറ്റികൾക്കു കീഴിൽ വിഭാഗീയത ഏറ്റവും രൂക്ഷമാണെന്നാണ് റിപോർട്ടിലുള്ളത്. പലയിടത്തും ജില്ല, ഏരിയ, ലോക്കൽ നേതാക്കൾ തമ്മിൽ ഏകോപനമില്ല. വ്യക്തി താത്പര്യത്തോടെയുള്ള പ്രവർത്തനമാണു പലയിടത്തുമുള്ളതെന്നും റിപോർട്ട് കുറ്റപ്പെടുത്തി.