കൊവിഡ് വ്യാപനം രൂക്ഷം;​ പ്രധാനമന്ത്രിയുടെ പുതിയ വസതി നിർമാണത്തിന് സമയം നിശ്ചയിച്ച് കേന്ദ്രസർക്കാർ

നിർമിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂ‍ർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Update: 2021-05-03 18:05 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂ‍ർത്തിയാക്കാൻ അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് വാക്സിൻ,​ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം,.

അവശ്യ സർവീസായി അടയാളപ്പെടുത്തിയ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാ​ഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നി‍ർമിക്കുന്നത്. ശക്തമായ എതിർപ്പുകൾക്കിടയിലും കൊവിഡ് കാലത്തും പുതിയ പാ‍ർലമെന്റ് മന്ദിരമടക്കമുള്ള നിർമ്മാണത്തിനായുള്ള സെൻട്രൽ വിസ്ത പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിർമിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂ‍ർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 ഡിസംബറാണ് നിർമാണം പൂ‍ർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയം. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കായുള്ള കെട്ടിടത്തിന്റെ നിർമാണവും ഇതിനൊപ്പം പൂ‍ർത്തിയാക്കും.

13450 കോടി രൂപയുടെ പദ്ധതിയാണ് സെൻട്രൽ വിസ്ത. 2022 മെയ് മാസം ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമാണം പൂർത്തിയാക്കും. പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളടക്കം ചോദ്യം ചെയ്ത് സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തേ സുപ്രിംകോടതിയിൽ വിവിധ സംഘടനകൾ ഹരജികൾ നൽകിയിരിന്നു.

എന്നാൽ പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിർമാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. പദ്ധതി നിയമപരമായി നിലനിൽക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെൻട്രൽ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചിരുന്നു.

ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. 46000 പേർക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്ന പദ്ധതിയുടെ കൊവിഡ് കാലത്തെ പൂർത്തീകരണം തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങൾ നേരത്തേ ഉയർന്നിരുന്നു.