അതിസമ്പന്നരുടെ ആദായനികുതി ഉയർത്താനുള്ള ഐആർഎസ് ഉദ്യോഗസ്ഥരുടെ റിപോർട്ട് കേന്ദ്രസർക്കാർ തള്ളി
ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങളും നിർദേശങ്ങളും പുറത്തു പറയുന്നതിനുമുമ്പ് അനുമതി വാങ്ങിയിട്ടില്ല
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 ശതമാനമായി ഉയർത്താനും നാലുശതമാനം സെസ് ചുമത്താനുമുള്ള ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥ സംഘത്തിന്റെ റിപോർട്ട് കേന്ദ്രസർക്കാർ തള്ളി.
കൊവിഡിനെക്കുറിച്ച് പഠനം നടത്താൻ ഐആർഎസ് അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യക്ഷ നികുതി ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് അറിയിച്ചു.
ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങളും നിർദേശങ്ങളും പുറത്തു പറയുന്നതിനുമുമ്പ് അനുമതി വാങ്ങിയിട്ടില്ല. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ഐആർഎസ് അസോസിയേഷൻ വഴിയാണ് ഉദ്യോഗസ്ഥസംഘം ഇത്തരമൊരു റിപോർട്ട് തയ്യാറാക്കിയത്. ഇത് അസോസിയേഷന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിടുകയും ചെയ്തു.
പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനാണ് 44 പേജുള്ള റിപോർട്ട് സമർപ്പിച്ചത്. തികച്ചും നിരുത്തരവാദപരമായ നടപടിയാണിതെന്ന് പ്രത്യക്ഷ നികുതി ബോർഡ് അധികൃതർ കുറ്റപ്പെടുത്തി. ചെയർമാൻ ഐആർഎസ് അസോസിയേഷൻ ഭാരവാഹികളോട് വിശദീകരണം തേടിയിട്ടുണ്ട്.
