ലാവലിന്‍ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതിയില്‍ കത്തുനല്‍കി

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ കോടതി രജിസ്ട്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.

Update: 2020-11-05 09:06 GMT

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സിബിഐ വീണ്ടും കത്തു നല്‍കി. രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവെക്കണമെന്നാണ് കത്തിലൂടെ സിബിഐ ആവശ്യപ്പെട്ടത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ കോടതി രജിസ്ട്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ, കഴിഞ്ഞമാസം കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത് നല്‍കിയിരുന്നു. കേസില്‍ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് സിബിഐ നേരത്തെ കോടതിക്ക് കൈമാറിയിരുന്നു. ലാവ്‌ലിന്‍ കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാണിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ ജി രാജശേഖരന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News