ലഡാക്ക് വാഹനാപകടം: സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ കരിപ്പൂരിലെത്തും

Update: 2022-05-28 18:28 GMT

മലപ്പുറം: ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 10.00 മണിയോടെ എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും.11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. 3 മണിയോടെയായിരിക്കും ഖബറടക്കം.

ഇന്ന് പുലര്‍ച്ചയോടെയാണ് ലഡാക്കിലെ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ മുഹമ്മദ് ഷൈജല്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം എയര്‍ബേസില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി.

അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട് പരിക്കേറ്റ സൈനികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയില്‍ തന്നെ പരിക്കേറ്റവരെ പഞ്ച്കുലയിലെ അടക്കം സൈനിക ആശുപത്രികളില്‍ എത്തിച്ചിരുന്നു. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇന്നലെയാണ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിര്‍ത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക വീണത്.

Tags:    

Similar News