യുപി സ്വദേശിയുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മക്കയില്‍ ഖബറടക്കി

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു കൊണ്ട് പോകാന്‍ മലയാളിയായ സുഹൃത്ത് അബ്ദുല്‍ ലത്തീഫ് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു. അതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു.

Update: 2021-07-07 16:51 GMT

മക്ക: മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ട ഉത്തര്‍ പ്രദേശ് സീതാപൂര്‍ സ്വദേശി അഫ്‌സര്‍ അലിയുടെ(41) മൃതദേഹം മക്ക ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഖബറടക്കി. പത്തു വര്‍ഷത്തിലധികമായി ഖുന്‍ഫുദയില്‍ ടൈലറായി ജോലിചെയ്തു വരികയായിരുന്നു. ഉത്തര്‍ പ്രദേശ് സീതാപൂര്‍ ജില്ലയിലെ ഗാന്ധി നഗര്‍ സിദ്ദൗലിയില്‍ പരേതനായ മുഹമ്മദ് ഷാഫിയുടെയും നസീമുനിന്റെയും മകനായ അഫ്‌സര്‍ അലിയെ ഒന്‍പതു മാസം മുമ്പ് മസ്തിഷ്‌കാഘാതത്തെതുടര്‍ന്ന് മക്ക അല്‍ നൂര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു കൊണ്ട് പോകാന്‍ മലയാളിയായ സുഹൃത്ത് അബ്ദുല്‍ ലത്തീഫ് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു. അതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന അഫ്‌സര്‍ അലി അവിവാഹിതനാണ്. ഒന്നര വര്‍ഷം മുമ്പാണ് അവധിക്കു നാട്ടില്‍പോയി മടങ്ങിയെത്തിയത്. മാതാവും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു അഫ്‌സര്‍ അലി. ബാധ്യതകള്‍ തീര്‍ക്കുന്നതോടൊപ്പം അടുത്ത തവണ അവധിക്കു പോയി വിവാഹം കഴിക്കണമെന്ന ആഗ്രഹവും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അതിനിടെയാണ് അസുഖബാധിതനായി ഒന്‍പതു മാസത്തോളം കിടപ്പിലായതും മരണത്തിനു കീഴടങ്ങിയതും. കുടുംബവുമായി ബന്ധപ്പെട്ട് രേഖകള്‍ സംബന്ധമായ നടപടിക്രമങ്ങള്‍ക്കു ശേഷം മയ്യത്ത് മക്കയിലെ ഷറായ ഖബര്‍സ്ഥാനില്‍ മറവുചെയ്തു.

മരണാനന്തര നടപടി ക്രമങ്ങള്‍ക്കായി മക്ക ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡണ്ട് മുഹമ്മദ് നിജ ചിറയിന്‍കീഴ്, വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ അബ്ദുസ്സലാം മിര്‍സ, ജാഫര്‍ പെരിങ്ങാവ്, അഫ്‌സല്‍, അന്‍സാര്‍, റാഫി വേങ്ങര, ഹസൈനാര്‍ മാരായമംഗലം (ജിദ്ദ) എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

Tags:    

Similar News