കേരള സ്റ്റോറി വ്യാപകമായി പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി - തലശ്ശേരി രൂപതകള്‍

Update: 2024-04-09 06:09 GMT

കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകള്‍. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാന്‍ തലശ്ശേരി അതിരൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദര്‍ശന്‍ വഴി പ്രദര്‍ശിപ്പിച്ച ദ കേരള സ്റ്റോറിയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. പിന്നാലെ താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം രാഷ്ട്രീയമാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

റബ്ബറിന് 300 രൂപ വരെ ലഭിക്കുകയാണെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് തലശ്ശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിരുന്നു. മണിപ്പുര്‍ വിഷയത്തിലും ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനെതിരേ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പല ബിഷപ്പുമാരും പള്ളികള്‍ തകര്‍ക്കപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുകയുണ്ടായി.





Tags:    

Similar News