ലൈംഗിക കുറ്റകൃത്യത്തിന് വന്ധ്യം കരണം; നിയമ നിര്‍മാണത്തിന് ഒരുങ്ങി തായ്‌ലന്‍ഡ്
ഇത് പ്രകാരം, മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികള്‍ക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം.
ബാങ്കോക്ക്: ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികള്‍ക്ക് സ്വമേധയാ രാസഷണ്ഡീകരണം അനുവദിക്കുന്ന ബില്ലിന് തായ്‌ലന്‍ഡ് പാര്‍ലമെന്റിന്റെ അംഗീകാരം.
ഇത് പ്രകാരം, മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികള്‍ക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം. അത്തരക്കാര്‍ക്ക് അത്രയും കാലം കുറച്ച് ജയിലില്‍ കഴിഞ്ഞാല്‍ മതി. എന്നാല്‍, രാസഷണ്ഡീകരണത്തിന് വിധേയമാകാന്‍ താല്പര്യപ്പെടാത്തവര്‍ക്ക്, ജയില്‍ ശിക്ഷയില്‍ ഇളവുണ്ടാകില്ല. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് രാജ്യം ഇത്തരമൊരു ബില്ല് കൊണ്ട് വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് തായ്‌ലന്‍ഡ് ഈ ബില്ല് കൊണ്ട് വന്നത്.
മാര്‍ച്ചില്‍ ലോവര്‍ ഹൗസ് പാസാക്കിയ ബില്ലിന് തിങ്കളാഴ്ച 145 സെനറ്റര്‍മാരുടെ അംഗീകാരം ലഭിച്ചു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. എന്നാല്‍, ഇനിയും ഒരിക്കല്‍ കൂടി ഹൗസിന്റെ അംഗീകാരവും, അതിന് ശേഷം രാജാവിന്റെ അംഗീകാരവും ബില്ല് നിയമമാവാന്‍ ആവശ്യമാണ്.
ഈ കടമ്പകളെല്ലാം കടന്നാല്‍ രാസഷണ്ഡീകരണത്തിന് അനുമതി കൊടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്‌റ്റോണിയ എന്നിവയ്‌ക്കൊപ്പം തായ്‌ലാന്‍ഡും കടന്നുകൂടും. രാസഷണ്ഡീകരണ വേളയില്‍, ലൈംഗിക കുറ്റവാളികള്‍ക്ക് അവരുടെ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകളാണ് നല്‍കുന്നത്.
എന്നാല്‍, ഇത് സ്വീകരിക്കണോ, വേണ്ടയോ എന്നത് കുറ്റവാളികള്‍ക്ക് തീരുമാനിക്കാം. രാസഷണ്ഡീകരണത്തിന് വിധേയമാകാന്‍ തയ്യാറുള്ള കുറ്റവാളികള്‍ക്ക് പകരമായി ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടര്‍മാരുടെ അനുമതിയും ആവശ്യമാണ്. കൂടാതെ, കുറ്റവാളികളെ പത്ത് വര്‍ഷത്തേക്ക് നിരീക്ഷിക്കുകയും ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകള്‍ ധരിപ്പിക്കുകയും ചെയ്യും.
ഈ നിയമം എത്രയും വേഗം നടപ്പാക്കണമെന്ന് നീതിന്യായ മന്ത്രി സോംസാക് തെപ്‌സുതിന്‍ ചൊവ്വാഴ്ച പറഞ്ഞു. 2013നും 2020നും ഇടയില്‍ തായ് ജയിലുകളില്‍ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളില്‍ 4,848 പേരും വീണ്ടും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

