തബ് ലീഗ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിയിരുന്നു; വ്യാജപ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Update: 2020-04-23 15:27 GMT

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ആസ്ഥാനത്ത് നടന്ന മതചടങ്ങില്‍ പങ്കെടുത്ത് കേരളത്തിലെത്തിയ 284 പേരെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സംഘപരിവാര ചാനലായ ജനം ടിവി വ്യാജവാര്‍ത്ത നല്‍കിയിരുന്നു. മാത്രമല്ല, തിരിച്ചെത്തിയവരില്‍ ചിലരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപോര്‍ട്ട് ചെയ്‌തെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, തബ് ലീഗ് ജമാഅത്ത് വക്താവ് വ്യക്തമായ കണക്കുകളും വിശദീകരണവുമായി രംഗത്തെത്തിയതോടെ മലക്കംമറിഞ്ഞെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തബ് ലീഗ് ജമാഅത്തുകാരെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു.

    നിസാമുദ്ദീനില്‍ പോയ 303 പേരുടെയും തിരിച്ചെത്തിയ 151 പേരുടെയും വിശദവിവരങ്ങളും ടെലഫോണ്‍ നമ്പറുകളും അതാത് പോലിസ് അധികാരികള്‍ക്ക് തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ യഥാസമയം കൈമാറിയിരുന്നുവെന്നായിരുന്നു വക്താവ് പള്ളിക്കര സ്വദേശി എം വി അഹമ്മദുണ്ണിയുടെ പ്രസ്താവന. ഡിജിപിയെ വരെ ഉദ്ധരിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കിയതെന്നാണു സൂചന. നേരത്തേ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലേതുമെന്ന പോലെ കേരളത്തിലും തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കൊറോണയുമായി ബന്ധിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും സംഘപരിവാരം വ്യാജപ്രചാരണത്തിലൂടെ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയത്.


Tags: