കേരളത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം; പോലിസിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയ സുന്ദര മൂര്‍ത്തി അറസ്റ്റില്‍

ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇപ്പോള്‍ ലോറി ഡ്രൈവറാണ് ഇയാള്‍. ഇതോടെ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമാണെന്ന് പോലിസ് സ്ഥിരീകരിച്ചു.

Update: 2019-04-27 03:28 GMT

ബംഗളൂരു: കേരളമുള്‍പ്പെടെ എട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം. കര്‍ണാക പോലിസിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയ മുന്‍ സൈനികന്‍ അറസ്റ്റില്‍. ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഇപ്പോള്‍ ലോറി ഡ്രൈവറാണ് ഇയാള്‍. ഇതോടെ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമാണെന്ന് പോലിസ് സ്ഥിരീകരിച്ചു.



ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് കര്‍ണാടക പോലിസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ വൈകീട്ടാണ് ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് ബംഗളൂരു പോലിസ് പറയുന്നു. കര്‍ണാടക പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരള ഡിജിപി ജില്ലാ പോലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ട്രെയ്‌നുകളിലും ബസ് സ്റ്റാന്‍ുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലിസ് കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. ശ്രീലങ്കയിലെ ചര്‍ച്ചുകളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാതലത്തില്‍ വന്ന മുന്നറിയിപ്പ് പോലിസ് അതീവ ഗൗരവതരമായാണ് കണക്കിലെടുത്തത്.



അക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ശക്തമാക്കിയതായി കോഴിക്കോട് സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് നേരത്തേ അറിയിച്ചിരുന്നു. ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ച വെള്ളിമാട്കുന്നിലെ സ്‌ട്രോങ് റൂമിലും പരിശോധന നടത്തി. അപരിചിതരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ കര്‍ണാടക പോലിസിന് ലഭിച്ച സന്ദേശത്തില്‍ ഭീകരാക്രമണങ്ങള്‍ക്കായി 19 പേര്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്ക് കടന്നിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News