പെരിന്തല്‍മണ്ണ: കാറിനുമുന്നില്‍ ബൈക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുന്നപ്പള്ളിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുന്നപ്പള്ളി സ്വദേശികളായ മാമ്പ്രപ്പടി കണക്കഞ്ചേരി മുഹമ്മദ് ഷെമീര്‍(മണി-25), വളയംമൂച്ചി കൊണ്ടപ്പുറത്ത് സാബിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ സി ഐ വി ബാബുരാജ്, എസ് ഐ മഞ്ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിവാരത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡ് ജൂബിലി ജങ്ഷനില്‍ കാറിനുമുന്നില്‍ ബൈക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം രണ്ട് പ്രദേശവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ജൂബിലി റോഡ് സ്വദേശി മുഹമ്മദ് നിസാറി(36)നാണ് കത്തികൊണ്ട് കുത്തേത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സാദിഖിനും പരിക്കേറ്റു. സംഭവത്തില്‍ പിടിയിലായ പ്രതികളടക്കം അഞ്ചു പേര്‍ക്കെതിരേ വധശ്രമത്തിനും അന്യായമായി സംഘം ചേര്ന്നതിനുമുള്ള വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിരുന്നത്. മറ്റ് മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിടിയിലായവര്‍ മുമ്പും പല കേസുകളില്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു.