കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം; ഖലിസ്ഥാന്‍ അനുകൂല പോസ്റ്റര്‍ പതിച്ചു

Update: 2023-08-13 05:13 GMT

ഒട്ടാവ: കാനഡയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നായ സറേയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിനു നേരെയാണ് അതിക്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും പതിപ്പിച്ചു. 'ജൂണ്‍ 18ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണം' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ഫോട്ടോയും പതിച്ചതിലുണ്ട്. കാനഡയിലെ സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനായിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18ന് വൈകീട്ട് ഗുരുദ്വാരയുടെ പരിസരത്തു വച്ച് രണ്ട് അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു നിജ്ജാര്‍. കാനഡയില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാവുന്നത്. ജനുവരി 31ന് കാനഡയിലെ ബ്രാംപ്ടണിലെയും ഏപ്രിലില്‍ ഒന്റാറിയോയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Tags:    

Similar News