തെലങ്കാന 50 ശതമാനം ബസ് സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു; സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് അന്ത്യശാസനം

സമരം ചെയ്യുന്ന ജീവനക്കാര്‍ മൂന്നു ദിവസത്തിനകം ജോലിക്ക് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Update: 2019-11-02 18:49 GMT

ഹൈദരാബാദ്: ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം ഒരു മാസത്തോട് അടുക്കുമ്പോള്‍ കടുത്ത നടപടികളുമായി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ ബസ് സര്‍വീസുകളില്‍ 50 ശതമാനം സ്വകാര്യവല്‍ക്കരിക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന ജീവനക്കാര്‍ മൂന്നു ദിവസത്തിനകം ജോലിക്ക് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

ആകെയുള്ള 10,400 റൂട്ടുകളില്‍ 5,100 റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. മന്ത്രിസഭാ തീരുമാനത്തിനെതിരേ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മന്ത്രിസഭയുടെ നയപരമായ തീരുമാനമാണെന്നും പിന്‍മാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ഇതിന് അധികാരം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണി മുടക്കിലേര്‍പ്പെട്ട ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുക എന്നത് തങ്ങളുടെ ഉദ്ദേശമല്ല. യൂനിയന്‍ നേതാക്കള്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മനസിലാക്കുന്നു. തിരികെയെത്തി ജോലി തുടരാന്‍ ജീവനക്കാര്‍ക്ക് ഒരു സുവര്‍ണാവസരം കൂടി നല്‍കുകയാണ്. നവംബര്‍ അഞ്ച് അര്‍ധരാത്രിക്കകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ജോലി നഷ്ടപെടുമെന്നും ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കി.

ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സമരം ടിഎസ്ആര്‍ടിസിക്ക് ഏകദേശം 175 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Tags: