ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയെതുടര്‍ന്ന് ഒമ്പതിനായിരം കോടിയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 8633 കോടിയുടെ വിളനാശവും റോഡുകളുടെ നഷ്ടം 222 കോടിയുമുണ്ടായതായാണ് കേന്ദ്ര സംഘത്തെ അറിയിച്ചത്. അതിനിടെ രണ്ടുദിവസമായി മഴ നിന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വെള്ളപ്പൊക്കക്കെടുതികളും നാശനഷ്ടങ്ങളും വിലയിരുത്താനായി കേന്ദ്രസംഘം കഴിഞ്ഞദിവസം ഹൈദരാബാദില്‍ എത്തിയിരുന്നു. കേന്ദ്ര ജോയന്റ് സെക്രട്ടറി പ്രവീണ്‍ വസിഷ്ഠ നയിക്കുന്ന അഞ്ചംഗ ഉന്നതതലസംഘം ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സെക്രട്ടേറിയറ്റില്‍ അവലോകനം നടത്തി. തുടര്‍ന്ന് നാശനഷ്ടം സംബന്ധിച്ച് കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം മഴയുണ്ടെങ്കിലും ഹൈദരാബാദിലും പരിസര ജില്ലകളിലും അമിത നാശനഷ്ടമുണ്ടായതായി അധികൃതര്‍ വിശദീകരിച്ചു. മുസി നദിയിലെ വെള്ളപ്പൊക്കം കാരണം താഴ്ന്ന നിലയിലുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിരുന്നു.