തെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ ബൂത്തില്‍ തടഞ്ഞു
മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഗജ്വേലിയില്‍ ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആര്‍ ജനവിധി തേടുന്നത്. 2018ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില്‍ 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വികാസ് രാജ് പറഞ്ഞു. 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിനാണ് തുടങ്ങിയത്. 221 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 109 ദേശീയപ്രാദേശിക പാര്‍ട്ടികളില്‍ നിന്നായി 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നീ നാല് സംസ്ഥാനങ്ങളുടെ ഫലത്തിനൊപ്പം ഡിസംബര്‍ 3ന് വോട്ടെണ്ണും. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി 119 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സീറ്റ് ധാരണ പ്രകാരം ബിജെപിയും നടന്‍ പവന്‍ കല്യാണ്‍ നയിക്കുന്ന ജനസേന പാര്‍ട്ടിയും യഥാക്രമം 111, എട്ട് സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ സിപിഐക്ക് ഒരു സീറ്റ് നല്‍കി കോണ്‍ഗ്രസ് 118 സീറ്റുകളില്‍ മത്സരിക്കുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ഒമ്പത് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്.
