കൊറോണ: തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. പെന്‍ഷനും ഇനി 50 ശതമാനമേ നല്‍കൂ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് കുറവ് വരുത്തിയത്.

Update: 2020-03-30 18:47 GMT

ഹൈദരാബാദ്: കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളമാണ് 10 ശതമാനം മുതല്‍ 75 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. വിരമിച്ചവര്‍ക്കും കുറവ് ബാധകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനായി പ്രഗതി ഭവനില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. പെന്‍ഷനും ഇനി 50 ശതമാനമേ നല്‍കൂ. മന്ത്രിസഭ, എംഎല്‍സി, എംഎല്‍എ, കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവരോടൊപ്പം മുഖ്യമന്ത്രിയുടേതുള്‍പ്പെടെ ജനപ്രതിനിധികളുടെ വേതനം 75 ശതമാനമാണ് വെട്ടിക്കുറച്ചത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് കുറവ് വരുത്തിയത്.

    കൊറോണ വൈറസ് ലോകവ്യാപകമായി സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നതായും 2009നേക്കാള്‍ മോശമാകുമെന്നും കഴിഞ്ഞ ആഴ്ച ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടി നിര്‍ദേശിക്കാനാണു സംഘത്തെ നിയോഗിച്ചത്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കടുത്ത നടപടിയെടുത്തത്. നേരത്തേ തന്നെ ശമ്പള കാലതാമസത്തിന്റെ സൂചന ഇദ്ദേഹം നല്‍കിയിരുന്നു.



Tags: