അടിസ്ഥാന സൗകര്യമില്ല, മോര്‍ച്ചറിയില്‍ നായകള്‍; ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തി തേജസ്വി യാദവ്

Update: 2022-09-07 08:54 GMT

പാറ്റ്‌ന: ബിഹാറിലെ ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. അപ്രതീക്ഷിത പരിശോധനയില്‍ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോശം അവസ്ഥയാണ് പുറത്തുവന്നത്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള തേജസ്വി ആശുപത്രിയിലെ ശോചനിയാവസ്ഥയില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി. പിഎംസിഎച്ചിന്റെ മോശം അവസ്ഥ വളരെക്കാലമായി പരസ്യമായ രഹസ്യമാണ്. തേജസ്വി യാദവ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍, രോഗികള്‍ വരാന്തയുടെ തറയില്‍ മാലിനങ്ങള്‍ക്കിടയില്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ തെരുവ് നായകള്‍ ആശുപത്രിയില്‍ അലഞ്ഞുതിരിയുകയായിരുന്നു. മരുന്നുകളും വൃത്തിയുള്ള ശുചിമുറികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ രോഗികള്‍ ഉപമുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.

'ഞങ്ങള്‍ പിഎംസിഎച്ച്, ഗാര്‍ഡിനര്‍ ഹോസ്പിറ്റല്‍, ഗാര്‍ഡനിബാഗ് ഹോസ്പിറ്റല്‍ എന്നിവ പരിശോധിച്ചു. രണ്ട് ആശുപത്രികളിലും ഡോക്ടര്‍മാരുണ്ടായിരുന്നു. പിഎംസിഎച്ചിലെ ടാറ്റ വാര്‍ഡിന്റെ അവസ്ഥ മോശമാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ ചികിത്സയ്ക്കായി വരുന്നതാാണ് തേജസ്വിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 'സീനിയര്‍ ഡോക്ടര്‍ ലഭ്യമല്ല, മതിയായ മരുന്നുകളും ലഭ്യമായിരുന്നില്ല. ശുചിത്വമില്ല. രോഗികള്‍ക്ക് സൗകര്യങ്ങളൊന്നും നല്‍കുന്നില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ സൂപ്രണ്ടിനെ വിളിച്ച് അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. റോസ്റ്റര്‍ ഇല്ല, ഹാജര്‍ നടന്നിട്ടില്ല. നടപടിയെടുക്കും,' തേജസ്വി പറഞ്ഞു. എല്ലാ പിഴവുകളും സംസ്ഥാന സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Tags:    

Similar News