കൊവിഡ് മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ഒഴിവാക്കത്തതെന്ത്?: ആരോ​ഗ്യ വിദ​ഗ്ധർ

ഒരു കുടുംബം ഇറക്കുമതി ചെയ്ത ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങിയാല്‍ അവര്‍ക്ക് ഐജിഎസ്‌ടി ഇനത്തില്‍ വീണ്ടും 12 ശതമാനം നികുതി നല്‍കേണ്ടി വരുന്നു.

Update: 2021-05-06 18:54 GMT

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് അനുബന്ധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും നികുതി താങ്ങാവുന്നതിലും അപ്പുറമെന്ന് ആഗോള ആരോഗ്യ വിദഗ്ധര്‍. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ മരണക്കിടക്കയിലുള്ളവരെ ഊറ്റിപിഴിഞ്ഞ് പണമുണ്ടാക്കുകയാണ്. ഇതിന് ഉടന്‍ അറുതി വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു കുടുംബം ഇറക്കുമതി ചെയ്ത ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങിയാല്‍ അവര്‍ക്ക് ഐജിഎസ്‌ടി ഇനത്തില്‍ വീണ്ടും 12 ശതമാനം നികുതി നല്‍കേണ്ടി വരുന്നു. മെയ് ഒന്നു വരെ ഇത് 28 ശതമാനമായിരുന്നു. ഇളവുകളുടെ ഭാഗമായി 12 ശതമാനം നികുതി കുറച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് നികുതി പൂര്‍ണമായും ഒഴിവാക്കാത്തതെന്നും ജനങ്ങള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഞെട്ടലുണ്ടാക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഓക്സിജന്‍ മെഷീനുകള്‍ ഉപയോഗിക്കുന്നത് കൊവിഡ് രോഗികളാണ്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി അവരോടാണ് നികുതി അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് രോഗികള്‍ ആശുപത്രിയില്‍ പോകുന്നത് ഒരുപരിധി വരെ വേണ്ടെന്നുവയ്ക്കാനാകും. ജനങ്ങള്‍ തീര്‍ത്തും നിസ്സഹായരായി നില്‍ക്കുന്ന ഈ അവസരത്തില്‍ അവരെ ചൂഷണം ചെയ്ത് പണം ഉണ്ടാക്കേണ്ടതുണ്ടോ എന്നും വിദഗ്ധര്‍ ചോദിക്കുന്നു.

ഇന്ത്യയിലെ കുടുംബങ്ങള്‍ മഹാമാരിമൂലമുള്ള വേദനകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയ പരിശോധനകള്‍ നടത്താനും കൊവിഡ് ചികിൽസ വീട്ടില്‍ നല്‍കാനും മറ്റും ഇന്‍ഷുറന്‍സ് കമ്പനികള്‍ സഹായം നല്‍കുന്നില്ല. അതുകൊണ്ടു തന്നെ കൊവിഡ് അനുബന്ധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും നികുതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു.