ടൗട്ടേ; സ്ഥിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കും

രാവിലെ ഒന്‍പതോടെ അദ്ദേഹം ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളില്‍ ആകാശ സര്‍വ്വേ നടത്തും.

Update: 2021-05-18 19:04 GMT

ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സന്ദര്‍ശിക്കും. രാവിലെ ഒന്‍പതോടെ അദ്ദേഹം ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളില്‍ ആകാശ സര്‍വ്വേ നടത്തും. അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഏഴ് പേരാണ് ഇവിടെ മരിച്ചത്. കനത്ത മഴയില്‍ ഗുജറാത്തില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. വൈദ്യുതലൈനുകള്‍ പൊട്ടിവീണു, മരങ്ങള്‍ കടപുഴകി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും കനത്ത നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. 6 പേരാണ് ഇവിടെ മരണപ്പെട്ടത്. മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടയിലായി. കനത്ത കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സന്‍, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് പേര്‍ മരിക്കുകയും 1500 ഓളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇന്നലെ രാത്രി ഗുജറാത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ സൗരാഷ്ട്ര മേഖലയില്‍ തുടരുകയാണ്.


Tags: