തത്കാല്‍ പാസ്‌പോര്‍ട്ട് ഒറ്റ ദിവസം കൊണ്ട്
11 ദിവസം കൊണ്ട് ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 731 പോലിസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഒരു ദിവസം കൊണ്ട് തത്കാല്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. 11 ദിവസം കൊണ്ട് ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 731 പോലിസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് 36 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും, 412 പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും 93 സേവാ കേന്ദ്രങ്ങളുമാണുള്ളതെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
1967 ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് വിമാനം വഴി യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. സാധാരണ പാസ്‌പോര്‍ട്ട്, ഔദ്യോഗിക പാസ്‌പോര്‍ട്ട്, നയതന്ത്ര പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള പാസ്‌പോര്‍ട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് ഇന്ത്യാസര്‍ക്കാര്‍ അനുവദിക്കുന്നത്.
തത്കാല്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ നിലവില്‍ പോലിസ് പരിശോധന ആവശ്യമില്ല. അതുവഴി അപേക്ഷ സമര്‍പ്പിച്ച ദിവസം കഴിഞ്ഞുള്ള അടുത്ത ദിവസം തന്നെ പാസ്‌പോര്‍ട്ട് അനുവദിച്ച് നല്‍കുന്നതാണെന്ന് കേന്ദ്ര പാസ്‌പോര്‍ട്ട് വിസാ ഡിവിഷനിലെ സേവാ കൗണ്‍സിലര്‍ വ്യക്തമാക്കി.
