ജാതി പീഡനം: യുപിയില്‍ ദലിത് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
ലഖിംപൂര്‍ ഖേരിയിലെ ഗോല ബ്ലോക്കിലെ കര്‍ഷക യൂനിയന്‍ നേതാവിന്റെ നേതൃത്വത്തില്‍ ത്രിവേന്ദ്ര കുമാറിനെ പരസ്യമായി അപമാനിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി കഴിഞ്ഞ മാസം പ്രചരിപ്പിക്കുകയും ചെയ്തതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
ലഖിംപൂര്‍(ഉത്തര്‍പ്രദേശ്): ജാതി പീഡനം അസഹ്യമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന ത്രിവേന്ദ്ര കുമാറിനെയാണ് വ്യാഴാഴ്ച വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുനിന്ന് കണ്ടെടുത്ത ഇദ്ദേഹത്തിന്റെ കൈയക്ഷരത്തിലുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രദേശത്തെ കര്‍ഷക യൂനിയന്‍ തലവന്റെ നേതൃത്വത്തില്‍ ജാതി പീഡനവും അപമാനവുമുണ്ടായതാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നാലുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു നേതൃത്വം നല്‍കിയത് കര്‍ഷക നേതാവ് രാകേഷ് ചൗഹാനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിനു സമീപം കണ്ടെത്തിയ കുറിപ്പില്‍ ചിലരുടെ പേരുകളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ലഖിംപൂര്‍ ഖേരി പോലിസ് അസി. സൂപ്രണ്ട് ശൈലേന്ദ്ര ലാല്‍ പറഞ്ഞു.
ലഖിംപൂര്‍ ഖേരിയിലെ ഗോല ബ്ലോക്കിലെ കര്‍ഷക യൂനിയന്‍ നേതാവിന്റെ നേതൃത്വത്തില്‍ ത്രിവേന്ദ്ര കുമാറിനെ പരസ്യമായി അപമാനിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി കഴിഞ്ഞ മാസം പ്രചരിപ്പിക്കുകയും ചെയ്തതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. തടിച്ചുകൂടിയവര്‍ക്കു മുന്നില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതിനിടെ, കര്‍ഷക നേതാവ് രാകേഷ് ചൗ ഹാന്‍ ഇദ്ദേഹത്തെ മോശമായ ഭാഷയില്‍ അപമാനിക്കുകയായിരുന്നു. എന്നാല്‍ വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ല. ത്രിവേന്ദ്ര കുമറിന്റെ ജോലിയെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും ജാതിയുടെ പേരില്‍ അപമാനിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ജോലി ലഭിക്കാന്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും കൈക്കൂലി നല്‍കിയിരുന്നോ, സംവരണത്തിലൂടെ ലഭിച്ചതാണോ തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് അപമാനിക്കുന്നത്. എന്നാല്‍, കഴിവില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ ശിക്ഷിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കര്‍ഷക നേതാവ് പറയുന്നുണ്ട്. ''യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്, മടിയും കഴിവുകെട്ടവരുമായ ഉദ്യോഗസ്ഥര്‍ പാവങ്ങളോടെ കടമ നിറവേറ്റുന്നില്ലെങ്കില്‍ അവരെ ചവിട്ടണമെന്ന്. ഇത് ഞാന്‍ പറഞ്ഞതല്ല, ഞങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞതാണെന്നും പറയുന്നത് വീഡിയോയിലുണ്ട്. ഇതു പറയുമ്പോള്‍ ചില കര്‍ഷകര്‍ പൊട്ടിച്ചിരിക്കുന്നതായും പോലിസ് പറയുന്നു.
മുംബൈയിലെ പ്രശസ്തമായ നായര്‍ ഹോസ്പിറ്റലില്‍ സമാനമായ കാരണങ്ങളാല്‍ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഡോ. പായല്‍ സല്‍മാന്‍ തദ് വി മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരുടെ അപമാനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ക്കെതിരേ പട്ടികജാതി, പട്ടിക വര്‍ഗ്ഗഅതിക്രമങ്ങള്‍ തടയല്‍ നിയമം 1989 പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
Full View

