തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് അപ്രഖ്യാപിത വിലക്ക്; തമിഴ്‌നാട് സര്‍ക്കാരിന്റെ കേബിള്‍ ശൃംഖലയില്‍ നിന്ന് നീക്കി

Update: 2025-10-07 17:28 GMT

ചെന്നൈ: പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍ . തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേബിള്‍ ശൃംഖലയില്‍ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വര്‍ക്കില്‍ നിന്ന് ചാനല്‍ നീക്കിയതിന്റെ കാരണം വിശദീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. സര്‍ക്കാര്‍ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.

കഴിഞ്ഞ ദിവസം മുതല്‍ ചാനല്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ചാനല്‍ അധികൃതര്‍ വിശദീകരിക്കുന്നത്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ രഹസ്യമായി ചാനല്‍ കേബിള്‍ ടിവി ശൃംഖലയില്‍ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി പളനിസ്വാമിയും ചാനല്‍ വിലക്കിനെതിരെ രംഗത്തെത്തി.




Tags: