ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്‌ക്കെതിരെ പെരവല്ലൂര്‍ പോലിസ് കേസെടുത്തു.
ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഓഫിസര്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുയോഗത്തിനിടെ 30 ഓളം ലൗഡ്സ്പീക്കറുകള്‍ ഉപയോഗിച്ച് വിജയ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും, അയ്യായിരത്തിലധികം ആളുകളുടെ സംഘടിപ്പിച്ചെന്നും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്നും ആരോപിക്കുന്നു. പൊതുവഴി തടസ്സപ്പെടുത്തുന്നതിനും ആംബുലന്‍സിന്റെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമായെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, പെരവല്ലൂര്‍ പോലിസ് പൊതുശല്യം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിജയ്ക്കൊപ്പം 5,000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 23 ന് ഒറ്റ ഘട്ടമായി തമിഴ്നാട് വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.