'മനുസ്മൃതി' നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ സംസ്ഥാനവ്യാപക പ്രതിഷേധം

Update: 2020-10-24 06:41 GMT

ചെന്നൈ: 'മനുസ്മൃതി' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിടുതലൈ ചിരുതൈകള്‍ കക്ഷി(വിസികെ) ഒക്ടോബര്‍ 24ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തില്‍ പങ്കാളികളാവണമെന്ന് വിസികെ മേധാവിയും ലോക്‌സഭാ പാര്‍ലമെന്റ് അംഗവുമായ തോല്‍ തിരുമാവളവന്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ചെന്നൈയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ന് നാം കാണുന്നു. അവര്‍ വളരെയധികം ഉപദ്രവങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. നമ്മുടെ പൂര്‍വികര്‍ ചൂണ്ടിക്കാണിച്ച മനു ധര്‍മ്മമാണ്. ഇതിന്റെ മൂലകാരണമെന്നും തിരുമാവളവന്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ഡോ. ബി ആര്‍ അംബേദ്കര്‍, പെരിയാര്‍ എന്നിവര്‍ മനു സ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    സമാനമായ അഭിപ്രായങ്ങളുമായി ലോക്‌സഭാ എംപിയും വിസികെ ജനറല്‍ സെക്രട്ടറിയുമായ ഡോ. രവികുമാര്‍ ട്വീറ്റ് ചെയ്തു. 'മനുവിന്റെ നിയമങ്ങള്‍' എന്ന പുസ്തകത്തിലെ ഒമ്പതാം അധ്യായത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത അദ്ദേഹം ബഹുഭാര്യത്വ രീതിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, മനുസ്മൃതിയെക്കുറിച്ച് ഒരു വെബിനാറില്‍ തിരുമാവളവന്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 'സ്ത്രീകള്‍ വേശ്യകളാണ്, അങ്ങനെയാണ് അവരെ ദൈവം സൃഷ്ടിച്ചത്' എന്ന മനുസ്മൃതിയെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുള്ളതായിരുന്നു പ്രസംഗം.

     അതിനിടെ, തിരുമാളവന്റെ പ്രസംഗത്തിനെതിരേ വലതുപക്ഷ-ഹിന്ദുത്വ വാദികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അവഹേളിക്കുന്നതാണ് പ്രസംഗമെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍, മനുസ്മൃതിയിലെ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് താന്‍ ഉദ്ധരിച്ചതെന്ന് തിരുമാവളവന്‍ വ്യക്തമാക്കി. തന്റെ വീഡിയോയുടെ ഒരു ഭാഗം സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുമാറ്റി പ്രചരിപ്പിക്കുകയാണ്. തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിനുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും വിള്ളലുണ്ടാക്കാനും നിക്ഷിപ്ത താല്‍പ്പര്യക്കാരും രാഷ്ട്രീയ എതിരാളികളും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tamil Nadu: statewide protest on demanding ban on 'Manusmriti'




Tags:    

Similar News