ദലിത്-അംബേദ്കര്‍ നിന്ദ: വിഎച്ച്പി മുന്‍ നേതാവ് അറസ്റ്റില്‍

Update: 2023-09-14 08:30 GMT

ചെന്നൈ: ഡോ. ബിആര്‍ അംബേദ്കറിനെയും ദലിതുകളെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വിഎച്ച്പി മുന്‍ നേതാവ് ആര്‍ബിവിഎസ് മണിയനെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് തമിഴ്‌നാട് ഘടകം മുന്‍ വൈസ് പ്രസിഡന്റും ഹിന്ദുത്വ പ്രഭാഷകനുമായ ആര്‍ബിവിഎസ് മണിയനെയാണ് ചെന്നൈയിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തതത്. സപ്തംബര്‍ 11ന് ടി നഗറിലെ ഭാരതീയ വിദ്യാഭവനില്‍ നടത്തിയ ആത്മീയ പരിപാടിക്കിടെയാണ് ആര്‍ബിവിഎസ് മണിയന്‍ ദലിതര്‍ക്കും അംബേദ്കര്‍ക്കും കവി തിരുവള്ളൂരിനുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭരണഘടനാ രൂപീകരണത്തില്‍ അംബേദ്കര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും സ്റ്റെനോഗ്രഫറുടെ ജോലി മാത്രമാണ് ചെയ്തതെന്നും മറ്റുമായിരുന്നു പരാമര്‍ശം. അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനയുടെ ഗുമസ്തന്‍, ടൈപ്പിസ്റ്റ്, പ്രൂഫ് റീഡര്‍ എന്നിങ്ങനെയാണ് ആക്ഷേപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടി നഗര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഭാരതിരാജയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വ്യാഴാഴ്ച രാവിലെയാണ് ചെന്നൈ രാജമ്മാള്‍ സ്ട്രീറ്റിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    പ്രശസ്ത തമിഴ് കവി തിരുവള്ളുവരെക്കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശ്രീരാമന്‍ ദശരഥനായാണ് ജനിച്ചതെന്നതിന് തെളിവുണ്ട്. തിരുവള്ളുവര്‍ ജനിച്ചത് ആര്‍ക്കാണെന്ന് കാണിക്കാന്‍ ആരുടെയെങ്കിലും കൈയില്‍ തെളിവുണ്ടോ എന്നായിരുന്നു പരാമര്‍ശം. ശ്രീരാമനെ അംഗീകരിക്കാത്ത ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ജീവിക്കാന്‍ യോഗ്യരല്ലെന്നായിരുന്നു മറ്റൊരു പരാമര്‍ശം. മണിയന്റെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി ദ്രാവിഡ, ദലിത് സംഘടനകളും വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) പാര്‍ട്ടിയും ചെന്നൈയിലും മധുരയിലും പോലിസില്‍ പരാതി നല്‍കിയിരുന്നു. വിസികെ പ്രവര്‍ത്തകന്‍ സെല്‍വത്തിന്റെ പരാതിയിലാണ് ചെന്നൈ പോലിസ് കേസെടുത്തത്. സൈദാപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മണിയനെ റിമാന്റ് ചെയ്തു.

Tags:    

Similar News