തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം; ബില്‍ നിയമസഭ പാസാക്കി

Update: 2022-10-20 05:52 GMT

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്‌നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാക്കിയത്. ബില്ല് നിയമമാവുന്നതോടെ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും സംസ്ഥാനത്ത് നിരോധനം നിലവില്‍ വരും. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇത്തരം ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം നല്‍കരുതെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാവും. ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ വലയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. ഇതെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് കെ ചന്ദ്രു അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ഗെയിമിങ് നിക്ഷേപകരുടെ സംഘടനയായ ഇഗെയിമിങ് ഫെഡറേഷന്‍ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമായ ഓണ്‍ലൈന്‍ കളികള്‍ ചൂതാട്ടമായി കണക്കാക്കാനാവില്ലെന്നും ഇത് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതാണെന്നുമാണ് ഇവരുടെ വാദം.

Tags: