കൊവിഡ് കേസുകള്‍ കുതിക്കുന്നു; തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍
ലോക്ക് ഡൗണ്‍ സമയത്ത്, പച്ചക്കറി, ഇറച്ചി, മല്‍സ്യഷോപ്പുകള്‍, താല്‍ക്കാലിക സ്‌റ്റോറുകള്‍ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. മറ്റെല്ലാ കടകളും അടച്ചിടും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകളായ ടാസ്മാക് തമിഴ്‌നാട്ടില്‍ 14 ദിവസം അടക്കും.
ചെന്നൈ: കൊവിഡ് കേസുകള്‍ അതിവേഗം കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 10ന് തിങ്കളാഴ്ച മുതല്‍ മെയ് 24 വരെ 14 ദിവസത്തേക്ക് കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനം പൂര്‍ണമായും അടച്ചിട്ടുകൊണ്ട് കൊവിഡ് വ്യാപനം കുറച്ചുകൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എടുത്ത ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ലോക്ക് ഡൗണ്‍ സമയത്ത്, പച്ചക്കറി, ഇറച്ചി, മല്‍സ്യഷോപ്പുകള്‍, താല്‍ക്കാലിക സ്‌റ്റോറുകള്‍ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. മറ്റെല്ലാ കടകളും അടച്ചിടും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകളായ ടാസ്മാക് തമിഴ്‌നാട്ടില്‍ 14 ദിവസം അടക്കും.
ടേക്ക് അവേ സേവനങ്ങള്‍ക്കായി മാത്രം റെസ്‌റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കും. അവശ്യസേവനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ലോക്ക് ഡൗണ്‍ സമയത്ത് പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ക്ക് തടസ്സമുണ്ടാവില്ല. അതേസമയം, എല്ലാ ഷോപ്പുകളും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 6 മുതല്‍ രാത്രി 9 വരെ തുറക്കാന്‍ അനുവദിക്കും. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 26,465 കൊവിഡ് 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
