സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍

Update: 2022-12-21 04:40 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഉന്നത വിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്വകാര്യ, സര്‍ക്കാര്‍ സര്‍വകലാശാലകള്‍ വിലക്ക് ഉടന്‍ നടപ്പാക്കണമെന്നാണ് താലിബാന്‍ മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്നാണ് രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തിലെ നിര്‍ദേശം. സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ നേരത്തെ തന്നെ താലിബാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

മൂന്ന് മാസം മുമ്പ് അഫ്ഗാനിസ്താനില്‍ നടത്തിയ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയില്‍ നൂറുകണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് പങ്കെടുത്തത്. അതേസമയം, താലിബാന്റെ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന താലിബാനെ ഒരിക്കലും ലോകത്തിന് അംഗീകരിക്കാനാവില്ലെന്ന് യുഎന്‍ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങള്‍ക്കിയില്‍ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു.

Tags: