കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ റോക്കറ്റ് ആക്രമണം; വിമാനങ്ങള്‍ റദ്ദാക്കി

Update: 2021-08-01 20:06 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം. ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തുനിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിനു പിന്നാലെ താലിബാന്‍ ആക്രമണം ശക്തമാക്കിയതായാണു റിപോര്‍ട്ട്. കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടതായും ഇവയില്‍ രണ്ടെണ്ണം വീണ് റണ്‍വേ തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 'കഴിഞ്ഞ ദിവസം രാത്രി മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമിട്ട് തൊടുത്തു. ഇതില്‍ രണ്ടെണ്ണം റണ്‍വെയിലാണ് വീണത്. അതിനാല്‍ ഇവിടെനിന്നുമുളള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുകയാണെന്ന് എയര്‍പോര്‍ട്ട് തലവന്‍ മസൂദ് പഷ്തുണ്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റണ്‍വേ നന്നാക്കാനുളള ശ്രമം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

    തങ്ങള്‍ക്കെതിരായ വ്യോമാക്രമണത്തിന് ശത്രുസൈന്യം കാണ്ഡഹാര്‍ വിമാനത്താവളം ഉപയോഗിക്കുമെന്നതിനാല്‍ ആക്രമണം അനിവാര്യമാണെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. അമേരിക്കന്‍ സേനയുടം പിന്‍മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താലിബാനെന്നാണ് റിപോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്റെ ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഇതിനകം താലിബാന്റെ നിയന്ത്രണത്തിലാണെന്നും റിപോര്‍ട്ടുകളുണ്ട്.

Taliban rockets target Kandahar airport


Tags: