സര്‍ക്കാര്‍ രൂപീകരണം; മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തി താലിബാന്‍

Update: 2021-08-18 12:56 GMT

കാബൂള്‍: അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തി താലിബാന്‍. അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന് താലിബാന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. താലിബാന്‍ കമാന്‍ഡറും സായുധഗ്രൂപ്പായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ മുതിര്‍ന്ന നേതാവുമായ അനസ് ഹഖാനിയാണ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തിയത്.

കര്‍സായിക്കൊപ്പം പഴയ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന അബ്ദുല്ല അബ്ദുല്ലയുമുണ്ടായിരുന്നു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഞായറാഴ്ച തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്ത താലിബാന്റെ ഒരു പ്രധാന വിഭാഗമാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. പാകിസ്താന്‍ അതിര്‍ത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ഗ്രൂപ്പാണ് അഫ്ഗാനിലെ പ്രധാന സായുധാക്രമണങ്ങളെല്ലാം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News