പാഞ്ച്ഷീര്‍ ഉപരോധിച്ച് താലിബാന്‍; അഹമ്മദ് മസൂദ് കീഴടങ്ങിയേക്കും?

എന്നാല്‍, താലിബാന്‍ സേന പാഞ്ച്ഷീര്‍ സമ്പൂര്‍ണമായി ഉപരോധിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ആന്ദ്രാബ് മലനിരകളിലേക്കുള്ള ഭക്ഷണ വിതരണം തീര്‍ത്തും നിലച്ചിരിക്കുകയാണ്.

Update: 2021-08-25 20:01 GMT

കാബൂള്‍: അധിനിവേശ സൈന്യം രാജ്യംവിട്ടതിനു തലസ്ഥാനമായ കാബൂള്‍ കീഴടക്കി അഫ്ഗാന്റെ നിയന്ത്രണം കൈപിടിയിലൊതുക്കിയിരിക്കുകയാണ് താലിബാന്‍ പോരാളികള്‍. എന്നാല്‍, താലിബാന് മുന്നില്‍ ഇപ്പോഴും കീഴടങ്ങാതെ നില്‍ക്കുകയാണ് പാഞ്ച്ഷീര്‍.

എന്നാല്‍, താലിബാന്‍ സേന പാഞ്ച്ഷീര്‍ സമ്പൂര്‍ണമായി ഉപരോധിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ആന്ദ്രാബ് മലനിരകളിലേക്കുള്ള ഭക്ഷണ വിതരണം തീര്‍ത്തും നിലച്ചിരിക്കുകയാണ്.

താലിബാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഹമ്മദ് മസൂദ് കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവരുന്നുണ്ട്. ആന്ദ്രാബിലെ സാഹചര്യം ഗുരുതരമാണെന്ന് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും സ്ഥിരീകരിച്ചു.

നാലു ദിശകളില്‍നിന്നും താലിബാന്‍ ഉപരോധിച്ചതോടെ ആന്ദ്രാബ് മലനിരകളിലേക്കുള്ള ഭക്ഷണ, ഇന്ധന വിതരണം നിലച്ചിരിക്കുകയാണ്. രക്തച്ചൊരിച്ചിലില്ലാതെ മേഖലയെ കീഴടക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണ് താലിബാന്‍.

ആന്ദ്രാബ് താഴ്‌വരയില്‍ വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണെന്ന് ആക്ടിംഗ് പ്രസിഡന്റ് അംറുല്ല സാലിഹ് സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനും പ്രതിരോധ സൈന്യവും തമ്മില്‍ ആന്ദ്രാബ് മേഖലയില്‍ പോരാട്ടം നടന്ന് കൊണ്ടിരിക്കകയാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മലനിരകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് സലേ പറഞ്ഞു.

നേരത്തെ പാഞ്ച്ഷീര്‍ മേഖലയില്‍ താലിബാന്‍ എത്തിയതായി സാലിഹ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ട്രാപ്പില്‍ വീഴുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു .അതേസമയം താലിബാന്‍ വളഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സഖ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ആയുധങ്ങളുടെ അഭാവം താലിബാന്‍ വിരുദ്ധ സേനയ്ക്കുണ്ട്.

പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ കിട്ടിയിട്ടില്ല. ആയുധങ്ങളും കാര്യമായി ഇല്ല. യുഎസ്സിന്റെ പിന്തുണ തേടിയിരുന്നെങ്കിലും ലഭിച്ചിട്ടില്ല. യുഎസ് അഫ്ഗാന്‍ വിടാനുള്ള ശ്രമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് പാഞ്ച്ഷീറിലെ വിമത പോരാളികള്‍ക്ക് ആയുധം നല്‍കാന്‍ തയ്യാറല്ല. താലിബാന്‍ ഇവിടെ വിജയം നേടുമെന്നാണ് സൂചന.

അഹമ്മദ് മസൂദ് കീഴടങ്ങിയേക്കുമെന്നാണ് സൂചന. താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപിച്ച നേതാവാണ് മസൂദ്. പിതാവിന്റെ കാലം മുതല്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുന്നുണ്ടെന്നും, താലിബാനെതിരായ പോരാട്ടത്തിന്റെ ദിനം വരുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും മസൂദ് നേരത്തെ പറഞ്ഞിരുന്നു.

പാഞ്ച്ഷീര്‍ മലനിരകളുടെ ഭാഗമായ ബദക്ഷന്‍, തഖര്‍, ആന്ദ്രാബ് മേഖലകള്‍ താലിബാന്‍ നേരത്തെ പിടിച്ചിരുന്നു. നാല് ഭാഗത്ത് നിന്നും ഇപ്പോള്‍ പാഞ്ച്ഷീര്‍ വളഞ്ഞിരിക്കുകയാണ് താലിബാന്‍. കുറച്ച് മാസങ്ങള്‍ മാത്രം പിടിച്ച് നില്‍ക്കാനേ മസൂദിന് സാധിക്കൂ. അതിലുപരി വലിയ പിന്തുണയും മസൂദിന് ലഭിച്ചിട്ടില്ല. യുഎസ്സിന്റെ ആയുധശേഖരങ്ങളെല്ലാം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. അത്യാധുനിക ശേഷിയുള്ള ഈ ആയുധങ്ങള്‍ക്ക് മുന്നില്‍ താലിബാന്‍ വിരുദ്ധ സേനയ്ക്ക് ദിവസങ്ങള്‍ പോലും പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. മലനിരകളുടെ സാന്നിധ്യം മുന്‍തൂക്കം താലിബാന്‍ വിരുദ്ധ സേനയ്ക്ക് നല്‍കുന്നുണ്ടെങ്കില്‍ പ്രഹരശേഷിയില്‍ താലിബാന്‍ മുന്നിലാണ്. ഇതറിഞ്ഞാണ് അഹമ്മദ് മസൂദ് കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News