'ഡ്രോണുകള്‍ പറത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും': യുഎസിന് താലിബാന്റെ മുന്നറിയിപ്പ്

യുഎസ് എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും നിയമങ്ങളും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ച് താലിബാനുമായുണ്ടാക്കിയ കരാറുകളും ലംഘിച്ചതായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ താലിബാന്‍ കുറ്റപ്പെടുത്തി.

Update: 2021-09-29 11:34 GMT

കാബൂള്‍: അഫ്ഗാന്‍ വ്യോമ പരിധിക്ക് മുകളിലൂടെ ഡ്രോണുകള്‍ (ആളില്ലാ വിമാനം) പറത്തുന്നത് അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. യുഎസ് എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും നിയമങ്ങളും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ച് താലിബാനുമായുണ്ടാക്കിയ കരാറുകളും ലംഘിച്ചതായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ താലിബാന്‍ കുറ്റപ്പെടുത്തി.

നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര അവകാശങ്ങള്‍, നിയമങ്ങള്‍, എന്നിവയുടെ വെളിച്ചത്തില്‍ അഫ്ഗാനെ പരിഗണിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും, പ്രത്യേകിച്ച് അമേരിക്കയോട് തങ്ങള്‍ ആവശ്യപ്പെടുന്നതായും താലിബാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ യുഎസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഗസ്ത് 30ന് യുഎസ് സൈന്യം അഫ്ഗാനില്‍നിന്നു പൂര്‍ണമായി പിന്‍വാങ്ങിയതിനു ശേഷം വാഷിങ്ടണും താലിബാനും തമ്മിലുള്ള ബന്ധം ദുര്‍ബലമാണ്. വീണ്ടും അധികാരത്തില്‍ വന്നതിനു ശേഷം താലിബാനെ യുഎസ് ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. താല്‍ക്കാലിക ഇടപെടലിന്റെയും സഹകരണത്തിന്റെയും നയമാണ് യുഎസ് പിന്തുടരുന്നത്.

Tags:    

Similar News