അഫ്ഗാനില്‍ വിദേശ കറന്‍സി ഉപയോഗം വിലക്കി

'എല്ലാ പൗരന്മാരും, കച്ചവടക്കാരും, വ്യാപാരികളും സാധാരണക്കാരും എല്ലാ സാമ്പത്തിക ഇടപാടുകളും അഫ്ഗാനിയില്‍ മാത്രം നടത്താനും വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ഇസ്‌ലാമിക് എമിറേറ്റ് നിര്‍ദേശം നല്‍കുന്നു'-ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ താലിബാന്‍ വക്താവ് സബീഹുല്ലാഹ് മുജാഹിദ് അറിയിച്ചു.

Update: 2021-11-03 15:41 GMT

കാബൂള്‍: അഫ്ഗാനിസ്താനില്‍ വിദേശ കറന്‍സികളുടെ ഉപയോഗത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി താലിബാന്‍. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അന്താരാഷ്ട്ര പിന്തുണയുടെ അഭാവം മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച കൂടുതല്‍ മോശമാക്കുന്നതാണ് പുതിയ നീക്കം. താലിബാന്‍ ഭരണത്തിലേറിയതിനു ശേഷം പ്രാദേശിക കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

'എല്ലാ പൗരന്മാരും, കച്ചവടക്കാരും, വ്യാപാരികളും സാധാരണക്കാരും എല്ലാ സാമ്പത്തിക ഇടപാടുകളും അഫ്ഗാനിയില്‍ മാത്രം നടത്താനും വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ഇസ്‌ലാമിക് എമിറേറ്റ് നിര്‍ദേശം നല്‍കുന്നു'-ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ താലിബാന്‍ വക്താവ് സബീഹുല്ലാഹ് മുജാഹിദ് അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

അഫ്ഗാനിസ്താനിലെ വ്യാപാര കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ഡോളറിന്റെ ഉപയോഗം സാധാരണമാണ്. വിവിധ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ആ അയല്‍ രാജ്യത്തെ കറന്‍സി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പാകിസ്താനി റുപീ ആണ് ഉപയോഗിക്കുന്നത്.

വിദേശത്തുള്ള അഫ്ഗാന്റെ കരുതല്‍ ധനശേഖരം പൂര്‍ണമായും മരവിപ്പിച്ചതോടെ സാമ്പത്തിക രംഗം താറുമാറായിരിക്കുകയാണ്. സമ്പദ് വ്യവസ്ഥ ആടിയുലഞ്ഞ അവസ്ഥയിലായതോടെ പണ പ്രതിസന്ധി മൂലം ബാങ്കുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. താലിബാന്‍ ഭരണകൂടത്തെ ഇനിയും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്തതിനാല്‍ പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് പല ഇടപാടുകളും യുഎസ് ഡോളറിലാണ് നടന്നു വരുന്നത്. പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പാക്കിസ്താനി രൂപയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.

Tags: