അഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് താലിബാന്‍

ആഗസ്റ്റ് 15 അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തിന്റെ ആഘോഷങ്ങള്‍ ഒരു ഔദ്യോഗിക മാധ്യമ പരിപാടിയില്‍ മാത്രമായി പരിമിതപ്പെടുത്തും. അവസാന വിദേശ സൈനികനും രാജ്യംവിട്ട സപ്തംബര്‍ 1ന് വിപുലമായി പരിപാടികള്‍ സംഘടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-08-15 07:14 GMT

കാബൂള്‍: അഫ്ഗാനില്‍ ഇന്ത്യ തുടക്കമിട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയോട് താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി പറഞ്ഞു.'നയതന്ത്ര ദൗത്യം നവീകരിക്കുന്നതോടെ മാനുഷിക വശത്തുനിന്ന് വികസന വശങ്ങളിലേക്ക് ഞങ്ങള്‍ മുന്നോട്ടോ പോവുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യപടിയായി ഇന്ത്യ ചെയ്ത പൂര്‍ത്തിയാകാത്ത ചില പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് അതില്‍ പ്രഥമ പരിഗണനയെന്നാണ് ഇന്ത്യന്‍ പക്ഷത്തെ അറിയിച്ചിട്ടുള്ളതെന്ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബല്‍ഖി പറഞ്ഞു.

ആഗസ്റ്റ് 15 അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തിന്റെ ആഘോഷങ്ങള്‍ ഒരു ഔദ്യോഗിക മാധ്യമ പരിപാടിയില്‍ മാത്രമായി പരിമിതപ്പെടുത്തും. അവസാന വിദേശ സൈനികനും രാജ്യംവിട്ട സപ്തംബര്‍ 1ന് വിപുലമായി പരിപാടികള്‍ സംഘടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. കാബൂളിലെ ഷാഹൂത് അണക്കെട്ടാണ് ഇന്ത്യ പൂര്‍ത്തീകരിക്കണമെന്ന് താലിബാന്‍ ആഗ്രഹിച്ച പദ്ധതികളിലൊന്നായി ബല്‍ഖി ചൂണ്ടിക്കാട്ടിയത്.

'ഇന്ത്യ നിരവധി പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. അവ അപൂര്‍ണ്ണമാണ്. അവ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, കാരണം അവ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, അതെല്ലാം പാഴായിപ്പോകും'-അദ്ദേഹം പറഞ്ഞു.

2021 ഓഗസ്റ്റ് 15ന് താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അടച്ചുപൂട്ടിയ കാബൂളിലെ എംബസി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും തുറന്നു. മിഷന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡയറക്ടര്‍ റാങ്കിലുള്ള ഐഎഫ്എസ് ഉദ്യോഗസ്ഥനും മറ്റ് നാല് ഉദ്യോഗസ്ഥരുമാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. എംബസിയുടെ സുരക്ഷയ്ക്കായി ഐടിബിപിയുടെ ഒരു സംഘവും എത്തിയിട്ടുണ്ട്.

മാനുഷികവും വൈദ്യ പരവുമായ സഹായം നല്‍കി അഫ്ഗാന്‍ ജനതയെ സഹായിക്കാനാണ് ഇന്ത്യ നയതന്ത്രദൗത്യം പുനരാരംഭിച്ചതെന്നും വാക്‌സിന്‍ വികസന മേഖലയില്‍ സഹായിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച ബെംഗളൂരുവില്‍ പറഞ്ഞിരുന്നു.

പ്രധാന റോഡുകള്‍, അണക്കെട്ടുകള്‍, വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍, സബ്‌സ്‌റ്റേഷനുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വികസന സഹായം മൂന്നു ബില്യണ്‍ ഡോളറിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

കാബൂളിലെ നയതന്ത്ര സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഡല്‍ഹി ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും താലിബാന്‍ ഭരണകൂടത്തിന്റെ ഔപചാരിക നാമമായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ (ഐഇഎ) 'നയതന്ത്ര പ്രാതിനിധ്യം ഉയര്‍ത്താനുള്ള ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ബല്‍ഖി വ്യക്തമാക്കി.ഭരണകൂടം സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


'തങ്ങള്‍ ഇന്ത്യയുമായി വളരെ നല്ല ദിശയിലാണ് നീങ്ങുന്നത്. അവര്‍ എംബസി വീണ്ടും തുറന്നിട്ടുണ്ട്. അവര്‍ അവരുടെ നയതന്ത്രജ്ഞരെ അയച്ചു, എംബസിയിലെ പ്രാതിനിധ്യ നിലവാരം ഉയര്‍ത്താന്‍ അവര്‍ നോക്കുന്നു, ഞങ്ങള്‍ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയില്‍ വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.

Tags: