31ന് ശേഷവും രാജ്യംവിടാന്‍ അഫ്ഗാനികള്‍ക്ക് താലിബാന്‍ അനുമതി നല്‍കിയെന്ന് ജര്‍മനി
കൃത്യമായ രേഖകള്‍ കൈവശമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആയിരിക്കും രാജ്യംവിടാന്‍ അനുമതിയുണ്ടാവുക.
കാബൂള്‍: ആഗസ്ത് 31ലെ സമയപരിധിക്ക് ശേഷവും അഫ്ഗാന്‍ പൗരന്മാരെ രാജ്യംവിടാന്‍ താലിബാന്‍ സമ്മതിച്ചതായി ജര്‍മന്‍ പ്രതിനിധി. കൃത്യമായ രേഖകള്‍ കൈവശമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആയിരിക്കും രാജ്യംവിടാന്‍ അനുമതിയുണ്ടാവുക.അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവെച്ച അവസാന ദിവസം ആഗസ്റ്റ് 31 ആണ്.
ഇത് നീട്ടില്‍ നല്‍കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താലിബാന്‍ സമ്മതിച്ചിരുന്നില്ല. മാത്രമല്ല, ഇത് ലംഘിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ജര്‍മനി അറിയിച്ചത് അനുസരിച്ച് ആഗസ്ത് 31ന് ശേഷവും അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് രാജ്യംവിടാന്‍ അനുമതിയുണ്ടാവും.ബുധനാഴ്ച വൈകീട്ടോടെയാണ് ഇക്കാര്യം ജര്‍മനി അറിയിച്ചത്. താലിബാന്‍ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായി ചര്‍ച്ച നടത്തിയെന്നും ജര്‍മ്മന്‍ സ്ഥാനപതി മാര്‍കസ് പൊട്‌സല്‍ ട്വിറ്ററില്‍ കുറിച്ചു. യുഎസ് സൈന്യം രക്ഷാ ദൗത്യം അവസാനിപ്പിച്ചാല്‍ നാറ്റാ സഖ്യവും അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തുമെന്ന് ജര്‍മനി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം രാജ്യത്തുള്ള ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുള്ള പ്രഫഷണലുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശികള്‍ക്ക് മാത്രമായിരിക്കും ഇനി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ജര്‍മന്‍ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാന്‍ പൗരന്മാര്‍ തുടങ്ങിയവരെ ഒഴിപ്പിക്കുമെന്ന് ജര്‍മനി വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ ആഗസ്റ്റ് 31ന് ശേഷവും തുടരുമെന്ന നിലപാടിലാണ് ജര്‍മനി.
