'മകളെ നന്നായി നോക്കണം, അവള്‍ക്ക് സുഖമില്ല...'; കേദാര്‍നാഥ് ഹെലികോപ്റ്റര്‍ ദുരന്തത്തിന് മുമ്പുള്ള പൈലറ്റിന്റെ വാക്കുകള്‍

Update: 2022-10-19 06:25 GMT

മുംബൈ: ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ ദുരന്തത്തിന് മുമ്പ് പൈലറ്റ് ഭാര്യയോട് അവസാനമായി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ കുന്നിലിടിച്ച് തീര്‍ത്ഥാടകരും പൈലറ്റും ഉള്‍പ്പെടെ ആറുപേര്‍ മരിച്ചത്. ഇതിന് ഒരുദിവസം മുമ്പ് കോപ്റ്ററിന്റെ പൈലറ്റായ അനില്‍ സിങ്ങുമായി അവസാനമായ നടത്തിയ സംഭാഷണം ഭാര്യ ഷിറിന്‍ ആനന്ദിതയാണ് ഓര്‍ത്തെടുത്തത്.

'മകള്‍ക്ക് സുഖമില്ല.. അവളെ നന്നായി നോക്കണം...' അവസാനമായി സംസാരിച്ചപ്പോള്‍ ഇതാണ് ഭര്‍ത്താവ് തന്നോട് പറഞ്ഞതെന്ന് ഭാര്യ ഷിറിന്‍ ആനന്ദിതയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. മുംബൈ മെട്രോപോളിസി അന്ധേരിയിലെ ഹൗസിങ് സൊസൈറ്റിയിലാണ് അനില്‍ സിങ്ങും (57) ഭാര്യ ഷിറിന്‍ ആനന്ദിതയും മകള്‍ ഫിറോസ സിങ്ങും താമസിക്കുന്നത്. അപകടത്തിന് ഒരുദിവസം മുമ്പാണ് ഭര്‍ത്താവുമായി അവസാനമായി സംസാരിച്ചത്. ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ താനും മകളും ന്യൂഡല്‍ഹിയിലേക്ക് പോവും. അപകടമായതിനാല്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ല. മലയോര സംസ്ഥാനമായ ഇവിടെ എപ്പോഴും പ്രതികൂല കാലാവസ്ഥയാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹാദ്ര സ്വദേശിയായ സിങ് കഴിഞ്ഞ 15 വര്‍ഷമായി മുംബൈയിലാണ് താമസം.

അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് സിങ് മുംബൈ സ്വദേശിയാണെന്ന് ഉത്തരാഖണ്ഡ് പോലിസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി), ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ എന്നിവര്‍ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഗുപ്ത്കാശിയിലേക്ക് കേദാര്‍നാഥ് തീര്‍ത്ഥാടകരെ വഹിച്ചുളള ഹെലികോപ്റ്ററാണ് കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മൂടല്‍മഞ്ഞാണ് വെല്ലുവിളിയായത്. ഹെലികോപ്റ്റര്‍ കുന്നിലിടിച്ച് തകരുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിന് തീപ്പിടിക്കുകയും ചെയ്തുവെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫിസര്‍ നന്ദന്‍ സിങ് പറഞ്ഞു.

Tags:    

Similar News