അണ്‍ലോക്ക് നാല്: താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

താജ്മഹലില്‍ പ്രതിദിനം 5000 ആളുകളെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശകരായി അനുവദിക്കൂ.

Update: 2020-09-21 04:56 GMT

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് താജ്മഹല്‍ അടച്ചത്.

അണ്‍ലോക്ക് ഭാഗമായി നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണിന്റെ സാന്നിധ്യം കാരണം തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു. താജ്മഹലിനൊപ്പം ഇന്ന് മുതല്‍ ആഗ്രാ കോട്ടയിലും സന്ദര്‍ശകരെ അനുവദിക്കും.

താജ്മഹലില്‍ പ്രതിദിനം 5000 ആളുകളെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ സന്ദര്‍ശകരായി അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടാകില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളാകും നല്‍കുക. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമാണ്. സഞ്ചാരികള്‍ തമ്മില്‍ ആറടി അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരേ ഫോട്ടോ എടുക്കാനാണെങ്കില്‍ പോലും തമ്മിലുള്ള അകലം പാലിക്കണം. എന്നാണ് നിര്‍ദ്ദേശം, എന്നാല്‍ സെല്‍ഫി എടുക്കുന്നതിന് തടസ്സമില്ല. ലൈസന്‍സ് ഉള്ള ഗൈഡുകള്‍ക്ക് മാത്രമായിരിക്കും താജ്മഹല്‍ പരിസരങ്ങളിലേക്ക് കടക്കുവാനാവുക.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍ താജ് മഹലും ഞായറാഴ്ചകളില്‍ ആഗ്രാ കോട്ടയും അടഞ്ഞ്കിടക്കും. താജ് മഹലില്‍ ഓരോ വര്‍ഷവും ഏഴ് ദശലക്ഷം സന്ദര്‍ശകരുണ്ട്. ആഗ്ര കോട്ടയില്‍ ഒരു വര്‍ഷം മൂന്ന് ദശലക്ഷം സന്ദര്‍ശകരുണ്ട്. നിരവധി സ്മാരകങ്ങള്‍ ഉത്തര്‍പ്രദേശിന്റെ വരുമാനത്തില്‍ വലിയ സംഭാവന നല്‍കുന്നു.




Tags: