താജ് മഹലിന് ബോംബ് ഭീഷണി; പ്രതി വിമല്‍കുമാറിന് മാനസികാസ്വാസ്ഥ്യമെന്ന് പോലിസ്

Update: 2021-03-04 14:08 GMT

ആഗ്ര: ലോകാല്‍ഭുതങ്ങളിലൊന്നായ താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പിടിയിലായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലിസ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശി വിമല്‍ കുമാര്‍ സിങാണ് ഭീഷണി മുഴക്കിയതെന്നും പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി കണ്ടെത്തിയതായും ആഗ്ര സോണല്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) സതീഷ് ഗണേഷ് പറഞ്ഞു. കസ്ഗഞ്ചിലെ പട്യാലി നിവാസിയായ വിമല്‍ കുമാര്‍ സിങ് ഇപ്പോള്‍ ഫിറോസാബാദിലെ നാര്‍ഖി പ്രദേശത്തുള്ള ഓഖ്ര ഗ്രാമത്തിലെ അമ്മയുടെ മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അദ്ദേഹം മാനസികമായി അസ്ഥിരനാണെന്നു തോന്നുന്നു. ഒരുപക്ഷേ ചികില്‍സയിലാണെന്നും തോന്നുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഫോണ്‍ വിളിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നേ മുക്കാല്‍ മണിക്കൂറിനു ശേഷം താജ് മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നതായും അദ്ദേഹം പറഞ്ഞു. കസ്ഗഞ്ച് സ്വദേശിയായ ഇയാള്‍ ഫിറോസാബാദ് ഗ്രാമത്തിലെ അമ്മയുടെ മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

    ഇന്ന് രാവിലെ 10.30ഓടെയാണ് അജ്ഞാത ഫോണ്‍ സന്ദേശം പോലിസ് കണ്‍ട്രോള്‍ റൂമില്‍ ആദ്യം ലഭിച്ചത്. ഉടന്‍തന്നെ ഇക്കാര്യം താജ്മഹലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സിഐഎസ്എഫും ആഗ്രാ പോലിസും സംയുക്തമായി പരിശോധന തുടങ്ങി. ബോംബ് സ്‌ക്വാഡും താജ്മഹലിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിന് അകത്തുണ്ടായിരിക്കെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലിലേക്കുള്ള പ്രധാന കവാടങ്ങള്‍ അടയ്ക്കുകയും വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്താണ് പരിശോധന നടത്തിയത്.

Taj Mahal bomb threat call: Man detained; may have mental health illness: Police

Tags:    

Similar News