തബ് ലീഗ് ജമാഅത്തുകാര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍

'ഞാന്‍ നിസാമുദ്ദീനിലുള്ളവരെ ഒഴിപ്പിക്കലിന്റെ ഭാഗമായിരുന്നു. അവര്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഉര്‍വി ശര്‍മ റെയ്‌ന വ്യക്തമാക്കിയത്.

Update: 2020-04-07 02:47 GMT

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മര്‍കസു നിസാമുദ്ദീനില്‍ നിന്ന് തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ഒഴിപ്പിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍. മര്‍കസു നിസാമുദ്ദീനിലുള്ളവരെ ഒഴിപ്പിക്കുന്നതില്‍ ഭാഗഭാക്കായ ഉര്‍വി ശര്‍മ റെയ്‌ന എന്ന വനിതാ ഡോക്ടറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ശേഷം തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഡോക്ടര്‍മാരെ തുപ്പിയെന്ന മെഡിക്കല്‍ ഓഫിസര്‍ എന്ന് അവകാശപ്പെട്ട സ്ത്രീയുടെ ആരോപണവും ഇവര്‍ നിരസിച്ചു. 'ഞാന്‍ നിസാമുദ്ദീനിലുള്ളവരെ ഒഴിപ്പിക്കലിന്റെ ഭാഗമായിരുന്നു. അവര്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഉര്‍വി ശര്‍മ റെയ്‌ന വ്യക്തമാക്കിയത്.

    മാധ്യമപ്രവര്‍ത്തകന്‍ റിഫാത് ജാവേദ് ട്വീറ്റ് ചെയ്തതിനു മറുപടിയായാണ് ഉര്‍വി ശര്‍മ റെയ്‌നയുടെ പ്രതികരണം. 'തബ് ലീഗ് ജമാഅത്ത് എന്താണ് നിരുത്തരവാദപരമായി പെരുമാറിയത്. അവരെ അടുത്തുനിന്ന് അറിയാം. ചില വിഷയങ്ങളില്‍ അവര്‍ കര്‍ക്കശക്കാരും യാഥാസ്ഥിതികരുമായിരിക്കാം. പക്ഷേ അവര്‍ക്ക് സ്ത്രീകളോട് മോശമായി പെരുമാറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവരെയും മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന അപകടകരമായ പ്രചാരണമാണിതെന്നായിരുന്നു റിഫാത് ജാവേദ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. റിഫാത്തിന്റെ ട്വീറ്റിനോട് പ്രതികരിച്ച ഉര്‍വി ശര്‍മ റെയ്‌ന 'ഒഴിപ്പിക്കലിനു മുന്‍നിരയിലുണ്ടായിരുന്ന എന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. മോശം പെരുമാറ്റങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നല്ല. എന്നാല്‍ അവയെ പ്രത്യേക സംഭവങ്ങളായി കണക്കാക്കണം. മാത്രമല്ല മുഴുവന്‍ സമൂഹത്തെയും പൊതുവല്‍ക്കരിക്കരുതെന്നും വനിതാ ഡോക്ടര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. 7,000 ലധികം ലൈക്കുകളും 4,000 റീട്വീറ്റുകളുമാണുണ്ടായത്.

    ഉര്‍വി ശര്‍മ റെയ്‌നയുടെ ധീരതയെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പ്രശംസിച്ചു. തബ് ലീഗ് ജമാഅത്തിന്റെ മറവില്‍ മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കെതിരായ തിരിച്ചടിയാണിതെന്ന് പലരും ചൂണ്ടിക്കാട്ടി.




Tags:    

Similar News