കൊളംബോ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് ട്വന്റി-20 ലോകകപ്പ് പോരാട്ടത്തിന് മഴ ഭീഷണി. ഇന്ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തിന് മുന്നോടിയായി ശ്രീലങ്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ പകല്‍ 70-90 ശതമാനം മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
'അക്യുവെതര്‍' പ്രവചനപ്രകാരം ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും കൊളംബോയില്‍ 93 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും, ഇടയ്ക്കിടെയുള്ള മഴ കളി തടസ്സപ്പെടുത്താനോ മല്‍സരം വൈകിപ്പിക്കാനോ സാധ്യതയുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന ഒരു വാര്‍ത്തയും കാലാവസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്. മല്‍സരസമയത്ത് മഴ പെയ്യാനുള്ള സാധ്യതയില്ലെന്നും പക്ഷെ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം.
ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സംവിധാനങ്ങളം ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. കനത്ത മഴ പെയ്താലും മൈതാനം മുഴുവനായി മൂടാനുള്ള കവറുകള്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ലഭ്യമാണ്. അതിനാല്‍ മഴ മാറിയാല്‍ വെറും 20 മിനിറ്റിനുള്ളില്‍ കളി പുനരാരംഭിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. മഴമൂലം കളി ഉപേക്ഷിച്ചാല്‍ മല്‍സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇരു ടീമുകളും പോയന്റ് പങ്കിടും. 5 ഓവര്‍ വീതമെങ്കിലും മല്‍സരം സാധ്യമാണെങ്കില്‍ മാത്രമെ മല്‍സരത്തിന് ഫലമുണ്ടാകു. ഇന്ന് രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മല്‍സരം.
