വാളേന്തി പ്രകടനം നടത്തിയത് പോലിസ് അറിവോടെ; വെളിപ്പെടുത്തലുമായി വിഎച്ച്പി വക്താവ്
ഈ പഥസഞ്ചലനത്തില്‍ മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇതില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളും മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.
കോഴിക്കോട്: ദുർഗാവാഹിനിയുടെ വാളേന്തിയുള്ള പ്രകടനം നടന്നത് പോലിസിന്റെ സാന്നിധ്യത്തിലും രേഖാമൂലം അറിയിച്ചുമാണെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വാളേന്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിട്ടും പോലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഒരാഴ്ച്ച കഴിഞ്ഞാണ് തിങ്കളാഴ്ച്ച പോലിസ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് ഏരിയ സെക്രട്ടറി നവാസിന്റെ പരാതിയില്‍ ആയുധ നിയമപ്രകാരം ആര്യങ്കോട് പോലിസാണ് കേസെടുത്തത്.
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ സായുധ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്. ഈ ക്യാംപിന്റെ സമാപന ദിവസമായ മെയ് 22ന് പൊതുനിരത്തിലൂടെ പഥസഞ്ചലനവും നടന്നു. ഈ പഥസഞ്ചലനത്തില്‍ മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇതില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളും മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് പുറമെ പഥസഞ്ചലനത്തിന്റെ സംഘാടകരായ സ്ഥലത്തെ ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ഇവരുടെ ആയുധപരിശീലനവും ആയുധങ്ങളേന്തിയുള്ള പഥസഞ്ചലനവും മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഭീതിക്ക് കാരണമായിട്ടുണ്ട്. പരസ്യമായി മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു പരിശീലനം ലഭിച്ച യുവതികള്‍ തെരുവിലൂടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രകടനം നടത്തിയത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്. യുവതികളോടൊപ്പം പെണ്‍കുട്ടികളെയും പഥസഞ്ചലനത്തില്‍ പങ്കെടുപ്പിച്ചു. കുരുന്നുകളുടെ മനസില്‍ പോലും അപരവിദ്വേഷം വളര്‍ത്തുകയും ആുധ പരിശീലനത്തിലൂടെ അക്രമണോല്‍സുകത വളര്‍ത്തുകയുമാണ് ചെയ്തിരിക്കുന്നത്.
കൂടാതെ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചത് ബാലാവകാശ ലംഘനവുമാണ്. ദിവസങ്ങള്‍ നീണ്ടുനിന്ന ആയുധ പരിശീലന ക്യാംപിനെക്കുറിച്ചും ദുരൂഹത ഏറുകയാണ്. ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പരിശീലനം ലഭിച്ച നേതാക്കളും പ്രവര്‍ത്തകരുമാണ് ഈ ക്യാംപിന് നേതൃത്വം നല്‍കിയിട്ടുള്ളത്.
വിഎച്ച്പി നേതാവ് സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയതിലൂടെ വെട്ടിലായത് പോലിസാണ്. പോലിസ് കേസെടുക്കാത്തതിന് കാരണം ആർഎസ്എസ് വിധേയത്വമാണെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിഎച്ച്പി നേതാവിന്റെ വെളിപ്പെടുത്തൽ.

