പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്ത നിലയില്‍

കൊല്‍ക്കത്തയില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് ബര്‍വാന്‍

Update: 2020-02-22 13:43 GMT

കൊല്‍ക്കത്ത: മുര്‍ഷിദാബാദ് ജില്ലയിലെ ബര്‍വാന്‍ പോലിസ് സ്‌റ്റേഷനു കീഴിലുള്ള ചില്‍ഡ്രന്‍സ് സ്‌കൂളിന് മുന്നില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ചയ്ക്കിടയിലുമാണ് ആക്രമണം നടന്നതെന്നും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജില്ലാ പോലിസ് സൂപ്രണ്ട് അജിത് സിങ് യാദവ് പറഞ്ഞു. മാ ശരദ നാണി ദേവി ശിശു ശിക്ഷാ കേന്ദ്രത്തിനു സമീപം പ്രതിമ തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയെന്ന് നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. 'സ്‌കൂളിനു തൊട്ടുമുന്നിലാണ് പ്രതിമ സ്ഥിതിചെയ്യുന്നത്. ഗ്രാമപ്രദേശവും വിദൂരവുമായ പ്രദേശമാണ്. പോലിസ് ഉടന്‍ സ്ഥലത്തെത്തി പ്രദേശവാസികളോട് സംസാരിച്ചു. സിസിടിവി ദൃശ്യങ്ങളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അജിത് സിങ് യാദവ് പറഞ്ഞു. പ്രതിമയുടെ താഴത്തെ ഭാഗത്താണ് കേടുപാട് സംഭവിച്ചിട്ടുള്ളത്.

    കൊല്‍ക്കത്തയില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് ബര്‍വാന്‍. ഇത് രണ്ടാം തവണയാണ് ഇവിടെ പ്രതിമ നശിപ്പിക്കപ്പെടുന്നതെന്ന് അജിത് സിങ് യാദവ് പറഞ്ഞു. 'ഒന്നര വര്‍ഷം മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. പിന്നീട് പ്രതിമ പിന്നീട് പുനസ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News