ജമ്മു കശ്മീരില്‍ പ്രധാനമന്ത്രിയുടെ വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെ സ്‌ഫോടനം

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികള്‍ക്കായി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്

Update: 2022-04-24 06:38 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്ന വേദിയില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെ സ്‌ഫോടനം.ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്.പോലിസ് സ്ഥലത്തെത്തി അന്വേഷണം അരംഭിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികള്‍ക്കായി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഇന്നത്തെ മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഒരുക്കിയിരുന്നത്.അതിര്‍ത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ദില്‍ബാഘ് സിങ് പറഞ്ഞു.സ്‌ഫോടനത്തിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പോലിസ് പറഞ്ഞു.

20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയില്‍ പങ്കെടുക്കുന്ന മോദി ഇന്ന് ജമ്മു കശ്മീരില്‍ അമൃത് സരോവര്‍ സംരംഭത്തിന്റെ ഉദ്ഘാടനവും നടത്തും.പാലി പഞ്ചായത്തിലെ ഗ്രാമതലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. 3,100 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബനിഹാല്‍ക്വാസിഗുണ്ട് ഭൂഗര്‍ഭപാതയും നാടിന് സമര്‍പ്പിക്കും.

Tags: