സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം; സിൽവർ ലൈനിൽ അപ്പീലുമായി സർക്കാർ

കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

Update: 2022-02-02 13:12 GMT

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. ഹരജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ സിംഗിൾ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു, ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സിംഗിള്‍ ബഞ്ച് ഉത്തരവ് സർക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ പറയുന്നു.

ഹരജിയിലെ പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർവ്വേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹരജിയിൽ പറയുന്നു.

ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർ ലൈനിനെതിരായ ഹരജിയിൽ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമർശങ്ങള്‍ ഹരജിയുടെ പരിഗണനാ പരിധി മറികടന്നാണെന്നും സർക്കാർ പറയുന്നു.

അതേസമയം കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഇത് സർക്കാരിന് വലിയ തിരിച്ചടിയാണ്, ഡിവിഷൻ ബെഞ്ച് ഹരജി പരി​ഗണിക്കുമ്പോൾ കേന്ദ്ര നിലപാട് കൂടി പരിശോധിക്കാൻ സാധ്യതയുണ്ട്.