സുരേന്ദ്രൻ വലിയ പരാജയം; ഗവര്‍ണറെ ഹരി എസ് കര്‍ത്തയിലൂടെ ആര്‍എസ്എസ് നിയന്ത്രിക്കും

പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി തന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ആരുമില്ലെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ധരിപ്പിച്ചിരുന്നു.

Update: 2022-02-19 13:12 GMT

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വലിയ പരാജയമാണെന്ന വിലയിരുത്തലുമായി ആർഎസ്എസ് സംസ്ഥാന നേതൃത്വം. ആര്‍എസ്എസിന്റെ വിശ്വസ്തനായ ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയോഗിച്ചത് ബിജെപി നേതൃത്വത്തിന്റെ കഴിവുകേട് നികത്താനാണെന്ന റിപോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിലെ കാര്യങ്ങള്‍ വ്യക്തമായി ഗവര്‍ണറെ ധരിപ്പിക്കാനും, അതനുസരിച്ച് അദ്ദേഹത്തെക്കൊണ്ട് നിലപാട് എടുപ്പിക്കുന്നതിനും വേണ്ടിയാണ് ഹരി എസ് കര്‍ത്തയെ ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയോഗിച്ചത്.

പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി തന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ആരുമില്ലെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ധരിപ്പിച്ചിരുന്നു. പിണറായി വിജയനോട് ഗവര്‍ണർക്ക് മൃദുസമീപനമാണ് ഉള്ളതെന്ന ആരോപണം സംസ്ഥാന ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കേന്ദ്ര ബിജെപി നേതൃത്വം ആരാഞ്ഞപ്പോഴാണ് തനിക്ക് കൃത്യമായി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നം ബിജെപി കേന്ദ്ര നേതൃത്വത്തെ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് വേണ്ട രീതിയിയില്‍ ഇടപെടാന്‍ പറ്റിയില്ലന്ന വിമര്‍ശനം സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിനുണ്ടായിരുന്നു. ഗവര്‍ണറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സുരേന്ദ്രന്‍ അടക്കമുളള ബിജെപി നേതൃത്വം വലിയ പരാജയമാണെന്നും ആര്‍എസ്എസ് വിലയിരുത്തലുണ്ടെന്നാണ് മാധ്യമ റിപോർട്ടുകൾ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൈക്കൊണ്ട സമീപനമല്ല രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വേണ്ടതെന്ന നിര്‍ദേശവും ആര്‍എസ്എസ് സംസ്ഥാന ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരും എന്ന് കരുതിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്. ഇത് നാല്‍പ്പത് നിയമസഭാ സീറ്റില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തിരുന്നുവെന്നും റിപോർട്ടുണ്ട്.

ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍ സര്‍ക്കാരിനതിരേ പൊട്ടിത്തെറിച്ചത് ആർഎസ്എസ് നിർദേശത്തെ മുൻനിർത്തിയാണ്. സംസ്ഥാന ബിജെപി നേതൃത്വവുമായി ഗവര്‍ണര്‍ക്ക് കാര്യമായ ബന്ധങ്ങളില്ല. കെ സുരേന്ദ്രന്റ നേതൃത്വത്തിലുള്ള പാര്‍ട്ടി പലപ്പോഴും ഗവര്‍ണര്‍ക്ക് എതിരായാണ് നില്‍ക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനാകാട്ടെ കേരളത്തിലെ ബിജെപി നേതൃത്വത്തെ കണക്കിലെടുക്കാറു പോലുമില്ലെന്നതാണ് വാസ്തവം.

ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതനായ ഹരി സ് കര്‍ത്തയും കെ സുരേന്ദ്രനും ബിജെപിയിൽ വ്യത്യസ്ത ​ഗ്രൂപ്പുകളിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ കെ സുരേന്ദ്രൻ അടക്കമുളളവര്‍ക്ക് കർത്തയോട് കടുത്ത എതിര്‍പ്പാണുള്ളത്. അത് മറികടന്നാണ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിച്ചത്. അതെതുടര്‍ന്നാണ് ഓരോ നീക്കത്തിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്ന തന്ത്രം ഗവര്‍ണര്‍ സ്വീകരിച്ച് പോകുന്നത്.